തൊഴിലുറപ്പ് തൊഴിലാളികളുടെ 
സുരക്ഷയും കൂലിയും വർധിപ്പിക്കുക



ചാത്തന്നൂർ തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷയും കൂലിയും വർധിപ്പിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു. ദേശീയതലത്തിൽ നാമമാത്രമായ കൂലിവർധനയാണ് രണ്ടാം മോദി സർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിൽ  13 രൂപയാണ് വർധിപ്പിച്ചത്. വൃത്തിഹീനമായ പ്രദേശങ്ങളിൽ യാതൊരു സുരക്ഷയും ഇല്ലാതെയാണ് തൊഴിലാളികൾ പണിയെടുക്കുന്നത്. നിരന്തരമായ ആവശ്യം ഉന്നയിച്ചിട്ടും പ്രക്ഷോഭം നടത്തിയിട്ടും ഈ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക വേഗം നൽകാനും മാന്യമായ ശമ്പളം നിശ്ചയിക്കാനും യൂണിഫോമും മറ്റു സുരക്ഷയും ഏർപ്പെടുത്താനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ചാത്തന്നൂർ എം ബേബി നഗറിൽ (തിരുമുക്ക് അൽ റയാൻ ഓഡിറ്റോറിയം) ചേർന്ന സമ്മേളനത്തിൽ രണ്ടാംദിവസം പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി പി എ എബ്രഹാമും സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ആനാവൂർ നാഗപ്പനും മറുപടി പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ പി വി സത്യൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി രാധാകൃഷ്ണൻ, ഒ എസ് അംബിക എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ശശാങ്കൻ, സി രാധാകൃഷ്ണൻ, എ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. എം ജി അൽഫ്രഡ് ക്രഡൻഷ്യൽ റിപ്പോർട്ടും പി വി സത്യദേവൻ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിനുശേഷം 27 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സംഘാടകസമിതി കൺവീനർ കെ എസ് ബിനു നന്ദി പറഞ്ഞു.   Read on deshabhimani.com

Related News