സൗരോർജം പുതിയ ‘സേവിങ്സ് അക്കൗണ്ട്’ തുറന്ന് കരിവെള്ളൂർ ബാങ്ക്
കരിവെള്ളൂർ സേവിങ്സ് അക്കൗണ്ട് തുടങ്ങാൻ കരിവെള്ളൂർ സർവീസ് സഹകരണ ബാങ്കിൽ വരുന്നവർ ഏറെയാണ്. എന്നാൽ ബാങ്കിന്റെ പ്രവർത്തനത്തിൽ വെെദ്യുതിയും സേവിങ്സായാലോ. 25 കിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയം സ്ഥാപിച്ചാണ് ഊർജ ലാഭം നേടുന്ന ജില്ലയിലെ ആദ്യപ്രാഥമിക സർവീസ് സഹകരണ ബാങ്കായി കരിവെള്ളൂർ ചുവടുവച്ചത്. -ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടം പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കും. കെഎസ്ഇബിയുടെ സഹകരണത്തോടെ കെട്ടിടത്തിൽ 25 കിലോവാട്ട് സൗരോർജ പാനൽ സ്ഥാപിച്ചു. പ്രതിദിനം 100 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. കെഎസ്ഇബിയുടെ പവർ ഗ്രിഡുമായി ബന്ധിപ്പിച്ചാണ് ഉൽപ്പാദനം. ബാങ്കിന്റെ ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന യൂണിറ്റ് കെഎസ്ഇബി എടുത്ത് ബാങ്കിന് പ്രതിഫലം നൽകും. സൗരോർജ പൂർത്തീകരണം ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ വി ലേജു അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം എം രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വി അപ്പുക്കുട്ടൻ, പഞ്ചായത്തംഗം ടി വി നാരായണൻ, പ്രസിഡന്റ് പി വി ചന്ദ്രൻ, എം വീണ, പി മുരളീധരൻ, എ കെ ഗിരീഷ് കുമാർ, കെ വി കുഞ്ഞിരാമൻ, സെക്രട്ടറി കെ ദിനേശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com