പുലിയോ കാട്ടുപൂച്ചയോ..... ചെറുപുഴയിൽ ആശങ്ക



 ചെറുപുഴ  ടൗണിന് സമീപത്ത് പുലിയെ കണ്ടതായി അഭ്യൂഹം. മീൻ മാർക്കറ്റിന്  സമീപം വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ ശ്രീ മുത്തപ്പൻ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരാണ് പുലിയെ കണ്ടെന്ന് പറഞ്ഞത്. പമ്പിന് എതിർവശത്ത് പഴയകെട്ടിടങ്ങളുടെ ഓടുകളും മറ്റും വിൽക്കുന്ന സ്ഥാപനത്തിന്റെ  സമീപം നായകൾ നിർത്താതെ ബഹളംവയ്ക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് പുലിയെ കണ്ടത്.  തൊട്ടടുത്ത പുഴയോരത്തെ കാട്ടിലേയ്ക്ക് ഓടിപ്പോയെന്നും ഇവർ  പറഞ്ഞു. ഉടൻ  ചെറുപുഴ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.  പൊലീസെത്തി  പരിശോധന നടത്തുകയും വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. വെള്ളി രാവിലെ തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി രതീശന്റെ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.  കാൽപ്പാടുകൾ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ പെട്രോൾ പമ്പ് ജീവനക്കാരുടെ മൊഴികൾ വനംവകുപ്പധികൃതർ ഗൗരവമായെടുത്തിട്ടുണ്ട്.  പമ്പിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ല.  വലിപ്പംകുറഞ്ഞ ഏതോ ഒരു ജീവിയെന്നു തോന്നുന്ന അവ്യക്ത ദ്യശ്യം മാത്രമേയുള്ളൂ.  ഇതിനടുത്ത് ഈസ്റ്റ്എളേരി പഞ്ചായത്തിലെ അരിയിരുത്തി, വെണ്യക്കര എന്നിവിടങ്ങളിൽ വനം വകുപ്പ് കാമറ സ്ഥാപിച്ചിട്ടുണ്ട്.    Read on deshabhimani.com

Related News