ഇലഞ്ഞിത്തറയിൽ കിഴക്കൂട്ട്‌, 
ശ്രീമൂലസ്ഥാനത്ത്‌ ചേരാനെല്ലൂർ

ദീപാലംകൃതമായ തിരുവമ്പാടി ക്ഷേത്രം


തൃശൂർ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളത്തിൽ ഇക്കുറി ആദ്യമായി  കിഴക്കൂട്ട്‌ അനിയൻമാരാർ പ്രമാണിയായി കൊട്ടിക്കയറും.  ശ്രീമൂല സ്ഥാനത്ത്‌  ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരും ആദ്യമായി  പ്രമാണിയായി  മേള ഗോപുരം തീർക്കും.       24 വർഷം  ഇലഞ്ഞിത്തറ മേള  നായകനായിരുന്ന പെരുവനം കുട്ടൻമാരാരെ മാറ്റിയാണ്‌ മുതിർന്ന കലാകാരൻ അനിയൻമാരാർക്ക്‌ പാറമേക്കാവ്‌ വിഭാഗം അവസരം നൽകിയത്‌.    തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും മേളപ്രമാണിയായ ആദ്യ വ്യക്തിയാണ് കിഴക്കൂട്ട്‌.  36 വർഷം പാറമേക്കാവിന്റെ മേളനിരയിൽ ഉണ്ടായിരുന്നു. 2011 മുതൽ തിരുവമ്പാടിയുടെ മേള പ്രമാണിയായി.  1961ൽ പരിയാരത്ത് കുഞ്ചുമാരാർ പ്രമാണം വഹിക്കുമ്പോഴാണ് അനിയൻ മാരാർ ആദ്യമായി ഇലഞ്ഞിത്തറയിലെത്തിയത്.     മേളകലാരംഗത്ത്  ഏറെ പാരമ്പര്യമുള്ള അനിയൻ മാരാർ   ചെണ്ട മേളത്തിന്റെ മർമമറിയാവുന്നവരുടെ മനസ്സിൽ എന്നും ആരാധ്യനാണ്‌.     മേളത്തിന്റെ  ശില്പഭംഗി കളയാതെ അടിസ്ഥാന പ്രമാണം മുറുകെപ്പിടിച്ച് കൊട്ടുന്ന ശൈലിയാണ് .  ഇടത്തും വലത്തും ആരായാലും കൂടെയുള്ളവരെ വച്ച് മേളം നന്നാക്കാൻ കിഴക്കൂട്ടിന്റെ  കഴിവ് മേള സഭകളിൽ ചർച്ചയാണ്.   ഇലഞ്ഞിത്തറയിൽ കിഴക്കൂട്ടിനൊപ്പം പെരുവനം സതീശൻമാരാർ വലത്തും തിരുവല്ല രാധാകൃഷ്‌ണൻ ഇടത്തും അണിനിരക്കും.  വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്‌ണനും കുഴലിൽ കീഴൂട്ട്‌ നന്ദനും കൊമ്പിൽ മച്ചാട്‌ രാമചന്ദ്രനും  ഇലത്താളത്തിൽ ചേർപ്പ്‌ നന്ദനും നയിക്കും.     അനിയൻ മാരാർക്ക്‌ പിൻമുറക്കാരനായാണ്‌  ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ  തിരുവമ്പാടി മേള നായകനാവുന്നത്‌.  എഴുപത്തിരണ്ടാം വയസ്സിലാണ്‌   മേളപ്രമാണി പദം കൈവന്നത്‌.  തിരുവമ്പാടി ഉത്സവത്തിന്‌ ഇദ്ദേഹമായിരുന്നു മേള പ്രമാണി.  കഴിഞ്ഞവർഷം വരെ കിഴക്കൂട്ട് അനിയൻ മാരാരുടെ സഹകാരിയായി തിരുവമ്പാടിക്കാർക്കുവേണ്ടി  അണിനിരന്നിരുന്നു.  പാറമേക്കാവ് ഇലഞ്ഞിത്തറമേളത്തിൽ മുൻവർഷങ്ങളിൽ പെരുവനത്തോടൊപ്പം കൊട്ടിയിട്ടുണ്ട്‌.  പഞ്ചാരിയിലും പാണ്ടിയിലും തായമ്പകയിലും   പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌.     ശ്രീമൂല സ്ഥാനത്ത്‌  ശങ്കരൻകുട്ടി മാരാർ   മേളക്കൊടുങ്കാറ്റ്‌ ഒരുക്കുമ്പോൾ  വീക്കം ചെണ്ടയിൽ തലോർ പീതാംബരമാരാർ, കുറുംകുഴലിൽ കൊമ്പത്ത്‌ അനിൽ, കൊമ്പിൽ ഓടക്കാലി മുരളി,  താളം ഏഷ്യാഡ്‌ ശശി എന്നിവരും നായകരാവും. Read on deshabhimani.com

Related News