21,418 കുടുംബങ്ങൾക്ക്‌ 
കുടിവെള്ളം



കൊല്ലം കിഫ്‌ബി സഹായത്തിൽ കുടിവെള്ളം എത്തുക കല്ലുവാതുക്കൽ, പാരിപ്പള്ളി, വെളിനല്ലൂർ പ്രദേശങ്ങളിലെ 21,418 കുടുംബങ്ങൾക്ക്‌. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 27 കോടി രൂപ വിനിയോഗിച്ചാണ്‌ കല്ലുവാതുക്കൽ, പാരിപ്പള്ളി, വെളിനല്ലൂർ കുടിവെള്ളപദ്ധതി നടപ്പാക്കുന്നത്‌. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന്‌  ഇതോടെ ശാശ്വത പരിഹാരമാകും. കല്ലുവാതുക്കൽ, പാരിപ്പള്ളി, വെളിനല്ലൂർ പ്രദേശത്ത്‌ ---എൽഡിഎഫ്‌ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയിൽ 2050 വരെ പ്രതിദിനം 7.5 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാകും. മഴക്കാലത്തും കുടിവെള്ളക്ഷാമമുള്ള കല്ലുവാതുക്കൽ, പാരിപ്പള്ളി വില്ലേജുകൾ പൂർണമായും വെളിനല്ലൂരിലെ 9,10,13,17 വാർഡുകളിലുമാണ്‌ ജലവിതരണം. ഇത്തിക്കരയാറ്‌ സ്രോതസ്സാക്കി അടുതലക്കടവിൽ ആറുമീറ്റർ വ്യാസമുള്ള കിണർ, പമ്പ്ഹൗസ്‌, 3.6 കി.മീ നീളത്തിൽ പമ്പ് ഹൗസിൽനിന്നു കാട്ടുപുറത്തുള്ള ശുദ്ധീകരണശാലയിലേക്കുള്ള പ്രധാന പമ്പിങ്‌ പൈപ്പ്‌, 110 കുതിരശക്തിയുള്ള മൂന്ന്‌ വെർട്ടിക്കൽ ടെർബൈൻ പമ്പ് സെറ്റുകൾ,  ട്രാൻസ്ഫോർമറുകൾ എന്നിവ സ്ഥാപിച്ചു. കാട്ടുപുറത്ത്‌ 7.5 ദശലക്ഷം ലിറ്റർ ശുദ്ധീകരണശേഷിയുള്ള പ്ലാന്റിന്റെയും ഒമ്പതുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉന്നതതല ജലസംഭരണിയുടെയും നിർമാണം പൂർത്തിയായി. കല്ലുവാതുക്കൽ കുന്നുംപുറത്ത്‌ 11.3ലക്ഷം ലിറ്ററിന്റെ ഉന്നതതല സംഭരണിയും അനുബന്ധ പ്രവർത്തനങ്ങൾക്കുമൊപ്പം   പദ്ധതിയുടെ പ്രതിദിന സംഭരണശേഷി ഉറപ്പാക്കാൻ അടുതലക്കടവിൽ നിലവിലുള്ള തടയണയുടെ പുനരുദ്ധാരണവും പൂർത്തിയായി. വേനൽക്കാലത്ത്‌ സംഭരണശേഷിയുള്ള --ഏരിയയിൽ കൂടുതൽ ജലം സംഭരിക്കുക എന്ന ലക്ഷ്യത്തോടെ നദിയൊഴുക്കിന് എതിർദിശയിൽ മണ്ണയത്ത്‌ പുതിയ തടയണയുടെ പ്രവൃത്തികളും അന്തിമഘട്ടത്തിലാണ്‌. ആറ്റൂർക്കോണത്ത് നിലവിലുള്ള 1.5 എംഎൽഡി സ്ലോസാൻഡ് ഫിൽട്ടറിന്റെ നവീകരണവും പൂർത്തിയായി. അടുതലയിലെ കിണറിൽ തുടർച്ചയായി ജലലഭ്യത ഉറപ്പാക്കുന്നതിന് കിണറിനു താഴെയായി ആറിനു കുറുകെ നിലവിലുള്ള അർധ സ്ഥിരതടയണയും നവീകരിച്ചു. വൃഷ്ടിപ്രദേശത്തിന്റെ സംഭരണശേഷി സ്ഥിരീകരിക്കുന്നതിന്‌ മണ്ണയത്ത് ജല ആഗമന കിണറിന്റെ (അടുതല) മുകൾഭാഗത്ത് പുതിയ സ്ഥിരം തടയണ സ്ഥാപിക്കാനുള്ള പ്രവർത്തനവും പൂർത്തിയാകുന്നു. Read on deshabhimani.com

Related News