കോടിയേരി സ്മരണയിൽ- തൊഴിലാളി സെമിനാർ തൊഴിലാളിക്ഷേമത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല: എളമരം കരീം
തലശേരി ഡിജിറ്റൽ യുഗത്തെപ്പറ്റി പറയുന്ന മോദി സർക്കാർ തൊഴിലാളിക്ഷേമത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം പറഞ്ഞു. രാജ്യത്ത് തൊഴിൽനിയമം നടപ്പാക്കുകയോ തൊഴിലാളികളുടെ പ്രശ്നം ചർച്ചചെയ്യുകയോ ചെയ്യുന്നില്ല. കോടിയേരി ബാലകൃഷ്ണൻ ചരമദിനത്തോടനുബന്ധിച്ച് തലശേരി സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോടിയേരി ചിരസ്മരണയിൽ- തൊഴിലാളി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തും സംഘടിതശക്തിയുമാണ് രാജ്യത്തെ മുന്നോട്ടു നയിക്കുക. എന്നാൽ മോദിസർക്കാർ വർഗീയത വളർത്തി തൊഴിലാളിവർഗ സംഘടിത ശക്തിയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നിലവിലുള്ള നിയമങ്ങൾ റദ്ദുചെയ്താണ് രാജ്യത്ത് ലേബർ കോഡ് നടപ്പാക്കുന്നത്. ഇതിനെ കോൺഗ്രസും എതിർത്തില്ല. രാജ്യത്ത് തൊഴിലിടങ്ങളിൽ മാനേജ്മെന്റിന്റെ സമ്മർദം അതിജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. അതിന് ഉദാഹരണമാണ് അന്ന സെബാസ്റ്റ്യന്റെ മരണം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വാധീനം കാരണമാണ് സംസ്ഥാനത്ത് മാറ്റമുണ്ടായതെന്നും എളമരം കരീം പറഞ്ഞു. തലശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ ‘നവലിബറൽ നയങ്ങളും തൊഴിൽ മേഖലയും’ വിഷയത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാനസെക്രട്ടറി കെ പി സഹദേവൻ, ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ, കാത്താണ്ടി റസാഖ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് വടക്കുമ്പാട് ഹൈസ്കൂളിൽ സ്റ്റുഡന്റ്‌സ് യൂത്ത് മീറ്റ് സുനിൽ പി ഇളയിടം ഉദ്ഘാടനംചെയ്യും. ‘ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ബിംബ നിർമിതികളും സത്യാനന്തര പ്രചാരണങ്ങളും’ വിഷയത്തിലുള്ള സെമിനാറിൽ വി വസീഫ്, പി എം ആർഷോ എന്നിവർ സംസാരിക്കും. Read on deshabhimani.com