മിൽമയുടെ ചോളത്തണ്ട് വിതരണത്തിൽ ഏജൻസിക്ക്‌ വീഴ്‌ച;
പ്രതിസന്ധിയിൽ ക്ഷീരകർഷകർ



  കൽപ്പറ്റ യഥാസമയം ചോളത്തണ്ടും തീറ്റപ്പുല്ലും ലഭ്യമാക്കാതെ ക്ഷീരകർഷകരെ മിൽമയുടെ കരാർ ഏജൻസി വലയ്‌ക്കുന്നതായി പരാതി. ക്ഷീരസംഘങ്ങൾവഴി സബ്‌സിഡി നിരക്കിൽ നൽകേണ്ട തീറ്റയാണ്‌ നൽകാതിരിക്കുന്നത്‌. കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽനിന്നാണ്‌  ചോളത്തണ്ട്‌ കൊണ്ടുവരുന്നത്‌. യഥാസമയം ഇത്‌ സംഘങ്ങൾക്ക്‌ എത്തിച്ചുകൊടുക്കാതെയാണ്‌ കർഷക ദ്രോഹം.  ഓരോ സംഘങ്ങളും അളക്കുന്ന പാലിന്റെ അളവിനനുപാതികമായാണ്‌ ചോളത്തണ്ട്‌ ഉൾപ്പെടെയുള്ള തീറ്റകൾ സബ്‌സിഡി നിരക്കിൽ നൽകുന്നത്‌. കരാർ ഏജൻസി, സംഘങ്ങളിൽ ഇവ എത്തിച്ചുകൊടുക്കണമെന്നാണ്‌ വ്യവസ്ഥ.  കിലോക്ക്‌ 3.30 രൂപ നിരക്കിലാണ്‌ കർഷകർക്ക്‌ സംഘങ്ങൾവഴി ചോളത്തണ്ട്‌ നൽകുന്നത്‌. കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ ചോളത്തണ്ടിന്‌ വില കുറയുമ്പോൾ മാത്രമാണ്‌ കരാറുകാർ ഇവ കൊണ്ടുവരുന്നത്‌. വലിയ ലാഭം ഉണ്ടാക്കുന്നതിനും ചോളത്തണ്ട്‌ വിതരണം ചെയ്യുന്ന സ്വകാര്യ ഏജൻസികളെ സഹായിക്കാനുമാണ്‌ ഈ നടപടി എന്നാണ്‌ കർഷകരുടെ ആരോപണം. മിൽമയുടെ സബ്‌സിഡി നിരക്കിലുള്ള തീറ്റ കീട്ടാതെ വരുമ്പോൾ കർഷകർ കൂടിയ വിലയ്ക്ക്‌ സ്വകാര്യ ഏജൻസികളിൽനിന്ന്‌ വാങ്ങാൻ നിർബന്ധിതരാകും. സൈലേജ്‌ (ഉണക്കിയ പുല്ല്‌), പച്ചപ്പുല്ല്‌ വിതരണത്തിലും ഇതേ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.  പച്ചപ്പുല്ല്‌ കിലോ 2.50 രൂപയ്ക്കും സൈലേജ്‌ ആറ്‌ രൂപയ്ക്കുമാണ്‌ മിൽമ നൽകുന്നത്‌. ഇതും കരാർവഴിയാണ്‌ സംഘങ്ങളിൽ എത്തിക്കുന്നത്‌. ഇവയുടെ വിതരണത്തിലും മനഃപൂർവമായ കാലതാമസം വരുത്തുന്നതായാണ്‌ ആക്ഷേപം. സംഘങ്ങളും കർഷകരും പരാതിപ്പെട്ടാൽ ‘കിട്ടാനില്ലെന്ന’ കാരണമാണ്‌ പറയുന്നത്‌. എന്നാൽ കൂടിയ വിലയ്‌ക്ക്‌ ഇവ നൽകുന്ന സ്വകാര്യ ഏജൻസികൾ യഥേഷ്‌ടം കൊണ്ടുവരുന്നുണ്ട്‌.    ദൗർലഭ്യമാണ്‌ പ്രശ്‌നം ചോളത്തണ്ട്‌ കിട്ടാനില്ലാത്തതാണ്‌ പ്രശ്‌നമെന്ന്‌ മിൽമ പി ആൻഡ്‌ ഐ മാനേജർ ബിജുമോൻ സ്‌കറിയ പറഞ്ഞു.  കർണാടകത്തിൽ ഉൽപ്പാദനം കുറഞ്ഞതിനാൽ ഇപ്പോൾ തമിഴ്‌നാട്ടിൽനിന്നാണ്‌ കൊണ്ടുവരുന്നത്‌. ചോളത്തണ്ടിനൊപ്പം സൈലേജും പച്ചപ്പുല്ലും നൽകുന്നുണ്ട്‌. കരാർ ഏജൻസിയുടെ വിതരണം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News