പുഴമുടി വളവിൽ വീണ്ടും അപകടം വീടിന്‌ മുകളിൽ ഇടിച്ചുകയറി ചരക്കുലോറി

ഇടിച്ചു കയറിയ ലോറി ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നു


കൽപ്പറ്റ കൽപ്പറ്റ -–-പടിഞ്ഞാറത്തറ റോഡിലെ പുഴമുടിയിലെ വളവിൽ വീണ്ടും അപകടം. വെള്ളി രാത്രി പതിനൊന്നോടെ ചരക്കുലോറി ഇടിച്ചുകയറി കട തകർന്നു. പതിവായി അപകടം നടക്കുന്ന കാരി ബാപ്പുവിന്റെ വീടിന്റെ മുകളിലുള്ള കടയിലേക്കാണ്‌ ലോറി കയറിയത്‌. ഷട്ടർ വളഞ്ഞു. കടയുടെ മുൻഭാഗത്തെ ഷീറ്റ് തകർന്നു. വാർപ്പിന് വിള്ളലുമുണ്ടായി. കടയുടെ മുൻവശം തകർത്താണ് ലോറിനിന്നത്. മുമ്പും ഇവിടെ നിരവധി അപകടങ്ങളുണ്ടായതിനെ തുടർന്ന്‌ റോഡരികിൽ സ്ഥാപിച്ച ക്രാഷ്‌ ഗാർഡ്‌ തകർത്താണ്‌ ലോറി വീടിന്‌ മുകളിലേക്ക്‌ എത്തിയത്‌.  കാലിത്തീറ്റയുമായി പടിഞ്ഞാറത്തറ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറിയാണ്‌ അപകടത്തിൽപ്പെട്ടത്‌. ഉറക്കത്തിലായിരുന്ന വീട്ടുകാർ ശബ്ദംകേട്ട്‌ ഭയന്ന്‌ എഴുന്നേറ്റപ്പോൾ കണ്ടത്‌ കടയിൽ ലോറി ഇടിച്ചുനിൽക്കുന്നതാണ്‌. ബാപ്പുവും ഭാര്യ പാത്തുമ്മയും മകൻ മുജീബും കുടുംബവുമാണ് വീട്ടിലുണ്ടായിരുന്നത്‌. മാസങ്ങൾക്കുമുമ്പ് കാർ കടയിൽ ഇടിച്ച് നാശനഷ്ടങ്ങളുണ്ടായി. ഇതുനന്നാക്കി വീണ്ടും കച്ചവടം തുടങ്ങിയപ്പോഴാണ്‌ ഇപ്പോഴത്തെ അപകടം. ലോറിയുടെ മുൻഭാഗവും തകർന്നു. രണ്ട് ടയറുകളും പൊട്ടി. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്തുണ്ടായ ഏഴാമത്തെ വലിയ അപകടമാണിത്. ശനി പകൽ പതിനൊന്നോടെ ക്രെയിൻ എത്തിച്ചാണ് ലോറി റോഡിലേക്ക് കയറ്റിയത്. വൈകിട്ട് അഞ്ചോടെയാണ് ലോറിയിലെ ചരക്കുകൾ മറ്റു വാഹനങ്ങളിലേക്ക് മാറ്റിക്കയറ്റിയത്‌. അപകടത്തിന്‌ ശാശ്വതപരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാർ പ്രതിഷേധിച്ചു. ജീപ്പ്, കാർ, ബൈക്ക്, ഓട്ടോറിക്ഷ എന്നിവ നേരത്തെ വീടിന്‌ മുകളിലേക്ക്‌ മറിഞ്ഞ്‌ മേൽക്കൂരയ്‌ക്കും കിണറിനും കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌. തലനാരിഴയ്‌ക്കാണ്‌ വലിയ ദുരന്തരങ്ങൾ ഒഴിവാകുന്നത്‌.   Read on deshabhimani.com

Related News