മണ്ണാറശാല ആയില്യം മഹോത്സവത്തിന്‌
പതിനായിരങ്ങൾ

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് വലിയമ്മ സാവിത്രി അന്തർജനത്തിന്റെ 
കാർമികത്വത്തിൽ നടന്ന എഴുന്നള്ളത്ത്


ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന ആയില്യം എഴുന്നള്ളത്ത് ദർശിക്കാനെത്തിയത്‌ പതിനായിരങ്ങൾ. മുഖ്യ പൂജാരിണിയായ അമ്മയുടെ മുഖ്യ കാർമികത്വത്തിൽ ഏഴുവർഷത്തിന് ശേഷമാണ് എഴുന്നള്ളത്ത്‌ നടന്നത്. ശനി പുലർച്ചെ മുതൽ ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. നടതുറന്ന് അഭിഷേകങ്ങൾക്കുശേഷം ഇളയ കാരണവർ എം കെ കേശവൻ നമ്പൂതിരിയാണ് പൂജകൾക്ക് തുടക്കം കുറിച്ചത്. പിന്നീട് ഇല്ലത്തെ നിലവറയ്ക്കടുത്ത് അമ്മ ദർശനം നൽകി. നിലവറയോട് ചേർന്നുളള തളത്തിൽ ഇളയ കാരണവരുടെ നേതൃത്വത്തിൽ ആയില്യം പൂജയ്ക്കായി നാഗപത്മക്കളമൊരുക്കിയതോടെഅമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി. തുടർന്നായിരുന്നു ആയില്യം എഴുന്നള്ളത്ത്. വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്റെ തിരുമുഖം, നാഗഫണം എന്നിവയും ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയുടെയും കാരണവൻമാരായ എം കെ കേശവൻ നമ്പൂതിരി നാഗചാമുണ്ഡി വിഗ്രഹവും ജയകുമാർ നമ്പൂതിരി നാഗയക്ഷി വിഗ്രഹവുമായി ക്ഷേത്രത്തിന് വലംവച്ച് ഇല്ലത്തെത്തി. അമ്മയുടെ നേതൃത്വത്തിൽ ആയില്യം പൂജയും തുടങ്ങി. പൂജകൾക്കുശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ തട്ടിന്മേൽ നൂറുംപാലും നടത്തി. അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനത്തോടെ ആയില്യം നാളിലെ ചടങ്ങുകളും സമാപിച്ചു. Read on deshabhimani.com

Related News