പ്രതിരോധപ്രവർത്തനം ഊർജിതം
ഇരിട്ടി ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ഉൾപ്പെടെ 13 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ 1500ഓളം വീടുകളിൽ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. പെരുമ്പഴശ്ശി, ആറളം പൂതക്കുണ്ട് വാർഡുകളിലാണ് പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത്. ആറളം സ്കൂളിൽ വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. പനി, ജലദോഷം ചുമ ഉൾപ്പെടെ ചെറിയ രോഗലക്ഷണമുള്ള വിദ്യാർഥികൾക്ക് മരുന്ന് വിതരണംചെയ്തു. മേഖലയിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം പരിധിയിലധികം കണ്ടെത്തി. ആറളം ഹെൽത്ത് സെന്ററിൽ പൊതുജനങ്ങൾക്കായും മെഡിക്കൽ ക്യാമ്പ് നടത്തി. ആശങ്ക ദുരീകരിക്കുന്നതിന് പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവുംചേർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, വാർഡ് അംഗം ഷീബ രവി, ഹെൽത്ത് നഴ്സ് ടി എ അംബിക എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. സ്കൂളിന് സമീപത്തെ രണ്ടുപേർക്ക് രോഗം ബാധിച്ചതോടെയാണ് മൂന്ന് വാർഡുകളിൽ പ്രത്യേക നിരീക്ഷണവും പ്രതിരോധ പ്രവർത്തനവും ശക്തമാക്കിയത്. സ്കൂളിലെ കിണർ വെള്ളത്തെക്കുറിച്ച് നേരത്തെതന്നെ സംശയമുയർന്നിരുന്നു. സ്കൂൾ തുറക്കുന്നതിനു മുമ്പ് കിണർ വ്യത്തിയാക്കിയിരുന്നുവെന്നാണ് ബന്ധപ്പെട്ടവരുടെ പക്ഷം. പരിശോധന നടത്തിയ കിണറുകളിലെല്ലാം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ശക്തമായതിനാൽ കൂടുതൽ ശുദ്ധജല സ്രോതസ്സുകളുടെ സാമ്പിളുകൾ പരിശോധനക്കയക്കും. Read on deshabhimani.com