കൊല്ലം–ചെന്നൈ പാതയിൽ വൈദ്യുതി ട്രെയിൻ



  കൊല്ലം പ്രതീക്ഷകൾക്ക്‌ ചിറകണിഞ്ഞ്‌ കൊല്ലം–-ചെന്നൈ പാതയിൽ വൈദ്യുതി ട്രെയിൻ ഓടിത്തുടങ്ങി. ഇതുസംബന്ധിച്ച്‌ ദക്ഷിണ റെയിൽവേയുടെ തീരുമാനം ശനിയാഴ്‌ച പുറത്തിറങ്ങി. പുനലൂർ–- ചെങ്കോട്ട പാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെയാണ്‌ കൊല്ലം–- ചെന്നൈ പാതയിൽ വൈദ്യുതീകരണം സമ്പൂർണമായത്‌. നേരത്തെ കൊല്ലം മുതൽ പുനലൂർവരെ വൈദ്യുതീകരണം നടത്തിയിരുന്നു. തിരുനെൽവേലി–- പാലക്കാട്‌ എക്‌സ്‌പ്രസ്‌ (പാലരുവി) ആണ്‌ ചെങ്കോട്ട–-പുനലൂർ–- കൊല്ലം പാതയിൽ വൈദ്യുതി എൻജിൻ ഉപയോഗിച്ച്‌ ഓടുന്ന ആദ്യവണ്ടി. ശനി പകൽ 11.15ന്‌ തിരുനെൽവേലിയിൽനിന്നു പുറപ്പെട്ട പാലരുവി ഞായർ പുലർച്ചെ മൂന്നിന്‌ പുനലൂരിലും നാലിന്‌ കൊല്ലത്തും എത്തിച്ചേരും.  ഞായർ പകൽ 12ന്‌ ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ കൊല്ലത്തുനിന്നു യാത്ര തുടങ്ങുക വൈദ്യുതി എൻജിനിൽ ആയിരിക്കും. അതുപോലെ ഗുരുവായൂർ എക്‌സ്‌പ്രസും മധുരയിൽനിന്ന്‌ പകൽ 11.20ന്‌ വൈദ്യുതി എൻജിനിലാണ്‌ യാത്ര തുടങ്ങുക. എന്നാൽ, ഈ റൂട്ടിൽ സർവീസ്‌ നടത്തുന്ന എറണാകുളം–-വേളാങ്കണ്ണി എക്‌സ്‌പ്രസ്‌ ഡീസലിൽ തന്നെയാകും ഓട്ടം. തമിഴ്‌നാട്ടിലെ കാരക്കുടി സ്റ്റേഷൻ മുതൽ തിരുവാരൂർവരെ 147 കിലോമീറ്റർ വൈദ്യുതീകരിച്ചിട്ടില്ലാത്തതാണ്‌ കാരണം. അതിനിടെ ഈ പാതയിൽ വൈദ്യുതിയിൽ ഓടുന്ന എല്ലാ വണ്ടികളുടെയും പിറകിലെ എൻജിൻ ഡീസലിൽ തന്നെയാണ്‌. പുനലൂർ മുതൽ ചെങ്കോട്ടവരെ റെയിൽവേയുടെ ഗാർഡ്‌ സെക്‌ഷനാണ്‌. പുനലൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ സബ്‌ സ്റ്റേഷൻ കമീഷൻ ചെയ്‌താൽ പിറകിലും വൈദ്യുതി എൻജിൻ ഘടിപ്പിക്കും. സബ്‌ സ്റ്റേഷനിലേക്ക്‌ വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. Read on deshabhimani.com

Related News