കാപ്പക്‌സ്‌ അയച്ചു കോർപറേഷൻ റെഡി

ഓണക്കിറ്റിലേക്ക് കാപ്പക്സിന്റെ കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളുടെ ആദ്യ ലോഡ്‌ ചെയർമാൻ 
എം ശിവശങ്കരപ്പിള്ള ഫ്ലാഗ് ഓഫ് ചെയ്യുന്നു


കൊല്ലം സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണക്കിറ്റിലേക്ക് കാപ്പക്സിന്റെയും കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് തയ്യാറാക്കിയ പാക്കറ്റുകൾ കയറ്റിയയച്ചു. ആദ്യ ലോഡ്‌ കാപ്പക്സ് ചെയർമാൻ എം ശിവശങ്കരപ്പിള്ള ഫ്ലാഗ്ഓഫ് ചെയ്തു. എംഡി എം പി സന്തോഷ്‌കുമാർ, ഭരണസമിതി അംഗങ്ങളായ സി മുകേഷ്, ആർ മുരളീധരൻ, ടി സി വിജയൻ, പെരിനാട് മുരളി, കൊമേഴ്‌സ്യൽ മാനേജർ പി സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരമ്പരാഗത രീതിയിൽ കരിച്ചുവറുത്ത് തൊഴിലാളികളുടെ കൈവിരുതിൽ ഗുണനിലവാരം ഉറപ്പാക്കി തയ്യാറാക്കിയ കശുവണ്ടിപ്പരിപ്പുകൾ ഓണം പ്രമാണിച്ച് വലിയ വിലക്കുറവിൽ കമ്പോളത്തിൽ കാപ്പക്‌സ്‌ ലഭ്യമാക്കിയിട്ടുണ്ട്. സഹകരണ ബാങ്ക്‌ സ്റ്റോര്‍, പൊലീസ് ക്യാന്റീന്‍, സപ്ലൈകോ, കൺസ്യൂമർഫെഡ്, ഷിപ്‌യാർഡ്, മറ്റ് സ്വകാര്യ ഫ്രാഞ്ചൈസികൾ, കാപ്പക്സിന്റെ സ്വന്തം ഔട്ട്‌ലെറ്റുകൾ എന്നിവ വഴി കാപ്പക്സ് കാഷ്യൂസ് ലഭ്യമാണ്. വിവിധ ഓണം മേളകളിൽ കാപ്പക്സ് പരിപ്പുകൾ വിൽപ്പനയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. 
കൂടാതെ, വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളായ കേന്ദ്രസർക്കാരിന്റെ ഒഎൻഡിസി, കാപ്പക്സിന്റെ വെബ്സൈറ്റ്, കേരള സർക്കാരിന്റെ ഇ–-കൊമേഴ്സ് വഴിയും വമ്പിച്ച ഡിസ്കൗണ്ടിൽ കാപ്പക്സ് പരിപ്പുകൾ ലഭ്യമാണ്. കേരള സർക്കാരിന്റെ  ഇ-–-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം 29ന്‌ തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി രാജീവ് നിർവഹിക്കും.  ഇത്തവണയും കേരളത്തിൽ വിതരണംചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ തയ്യാറാകുന്നു. കാഷ്യൂ കോർപറേഷന്റെ അയത്തിൽ, കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ് കശുവണ്ടിപ്പരിപ്പ് പാക്കറ്റിലാക്കുന്നത്‌. ഈ മാസം 30നു മുമ്പുതന്നെ 14 ജില്ലയിലേക്കും പാക്കറ്റുകൾ എത്തിക്കാൻ കഴിയുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ സജ്ജമായി. 50 ഗ്രാം വീതമുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകളാണ് തയ്യാറാക്കുന്നത്.  പായസവും പ്രഥമനും തയ്യാറാക്കുന്നതിനായി ആറുലക്ഷം കുടുംബങ്ങളിലേക്കാണ്‌ ഇത്തവണയും കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ എത്തുന്നത്‌. കാഷ്യൂ കോർപറേഷന്റെ പരിപ്പിന് ‘കേരള കാഷ്യൂസ്’ എന്ന നാമകരണം നൽകിയശേഷം ആദ്യമായാണ് ഇത്രയും കശുവണ്ടിപ്പരിപ്പ് കിറ്റുകളിലൂടെ വീടുകളിൽ എത്തുന്നത്. തൊഴിലാളികളും ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ഒറ്റക്കെട്ടായാണ് കശുവണ്ടിപ്പരിപ്പ് പാക്കറ്റിൽ നിറയ്ക്കുന്നത്‌. കൊല്ലം അയത്തിൽ, കായംകുളം കേന്ദ്രങ്ങളിൽ ചെയർമാൻ എസ് ജയമോഹൻ സന്ദർശനംനടത്തി. ഭരണസമിതി അംഗം ജി ബാബു, പ്രൊഡക്‌ഷൻ മാനേജർ എ ഗോപകുമാർ, ഇൻസ്പെക്ടർ സുജാത, ഫാക്ടറി മാനേജർ സുനിൽകുമാർ എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.   Read on deshabhimani.com

Related News