അന്താരാഷ്ട്ര കോവളം മാരത്തൺ 29 ന്
തിരുവനന്തപുരം രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തൺ 29 ന് അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിക്കുമെന്ന് യങ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ സുമേഷ് ചന്ദ്രൻ പറഞ്ഞു. 42. 2 കിലോമീറ്റർ ഫുൾ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം, അഞ്ച് കിലോമീറ്റർ കോർപറേറ്റ് റൺ എന്നിവ നടക്കും. നിഷ്, ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കായി രണ്ട് കിലോമീറ്റർ സൂപ്പർ റണ്ണും സംഘടിപ്പിക്കും. കോവളം മുതൽ ശംഖുംമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തൺ. സ്ത്രീകൾക്കും പുരുഷന്മാർക്കും വയോജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, കേരള പൊലീസ്, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെയാണ് കോവളം മാരത്തണിന്റെ രണ്ടാംപതിപ്പ് സംഘടിപ്പിക്കുന്നത്. ശംഖുംമുഖത്ത് സമാപന ചടങ്ങിൽ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പൊലീസ്, ആർമി, എയർഫോഴ്സ് വിഭാഗങ്ങളെ അനുമോദിക്കും. ഐ ക്ളൗഡ് ഹോംസ് ഡയറക്ടർ ബിജു ജനാർദനൻ, വാട്‌സൺ എനർജി ഡയറക്ടർ ടെറെൻസ് അലക്സ്, യങ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്‌റ്റർ കോ ചെയർമാൻ ശങ്കരി ഉണ്ണിത്താൻ, ഷിനോ, മാത്യു ജേക്കബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. കോവളംമുതല്‍ ശംഖുംമുഖംവരെ ഗതാഗത നിയന്ത്രണം തിരുവനന്തപുരം കോവളം മാരത്തണുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച കോവളംമുതൽ ശംഖുംമുഖംവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ രണ്ടു മുതൽ രാവിലെ 10വരെ കോവളം–- -കഴക്കൂട്ടം ബൈപാസിൽ കോവളംമുതൽ പരുത്തിക്കുഴിവരെ പ്രധാന റോഡിലും പരുത്തിക്കുഴിമുതൽ ചാക്കവരെയുള്ള ബൈപാസ് സർവീസ് റോഡിലും, ചാക്കമുതൽ ശംഖുംമുഖം ഡൊമസ്റ്റിക് എയർപോർട്ട്‌വരെയും ഇടതുവശത്തെ പാതയിലാണ് നിയന്ത്രണം. കോവളത്തുനിന്ന് ചാക്ക ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കോവളം ജങ്‌ഷനിൽനിന്നു തിരിഞ്ഞ് ചാക്ക-–- കോവളം ബൈപാസ് റോഡിലൂടെ പോയി പരുത്തിക്കുഴി ഭാഗത്തുനിന്ന് പടിഞ്ഞാറുവശം പ്രധാന റോഡിൽ എത്തി ചാക്ക ഭാഗത്തേക്ക് പോകണം. പരുത്തിക്കുഴി- –-കോവളം പ്രധാന ബൈപാസ് റോഡിൽ ഇരു ദിശയിലേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. ചാക്ക ഭാഗത്തുനിന്നു ശംഖുംമുഖം ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക–--ശംഖുംമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുക്കണം. പരാതികളും നിർദേശങ്ങളും അറിയിക്കാം. ഫോൺ: 0471-2558731, 9497930055. Read on deshabhimani.com