ഏഴംകുളം– കൈപ്പട്ടൂർ റോഡ് നിർമാണം അന്തിമ ഘട്ടത്തിൽ
ഏഴംകുളം– കൈപ്പട്ടൂർ റോഡ് നിർമാണം അന്തിമ ഘട്ടത്തിൽ കൊടുമൺ ഏഴംകുളം– കൈപ്പട്ടൂർ റോഡിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. ആദ്യഘട്ട ടാറിങ് പൂർത്തിയായ സ്ഥലങ്ങളിൽ രണ്ടാംഘട്ട ടാറിങ് ആരംഭിച്ചു. ഒരാഴ്ചക്കുളളിൽ ബിസി നിലവാരത്തിലുള്ള ടാറിങ് ജോലികൾ പൂർത്തിയാകും. ഡിസംബർ പാതിയോടെ നിർമാണ പ്രവൃത്തികൾ പൂർത്തികരിച്ച് റോഡ് സഞ്ചാരത്തിന് തുറന്ന് നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കൈപ്പട്ടൂർ മുതൽ ഏഴംകുളം വരെയുള്ള ഭാഗങ്ങളിൽ 23 കലുങ്കും ഒരു പാലവുമാണ് നിർമിക്കേണ്ടിയിരുന്നത്. ഇതിൽ കലുങ്കുകൾ പൂർണമായി നിർമിച്ചു. ഏഴംകുളം ക്ഷേത്രത്തിന് സമീപമുള്ള കനാൽ പാലത്തിന്റെ നിർമാണമാണിപ്പോൾ നടക്കുന്നത്. ഏഴ് തൂണുകളുടെ പൈലിങ് പൂർത്തിയായി. ആദ്യഘട്ട ടാറിങ് കഴിഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും ഓരോ മീറ്റർ ദൂരത്തിൽ ടൈൽ പാകി സഞ്ചാരയോഗ്യമാക്കി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 61 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. പൈപ്പ്‌ലൈൻ, വെെദ്യുത പോസ്റ്റ് മാറ്റിസ്ഥാപിക്കൽ, റോഡ് നിർമാണത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റൽ തുടങ്ങി എല്ലാ ജോലികളും ചേർത്ത് ഒറ്റ കരാറാണ് നൽകിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുന്നോട്ട് പോയത് പ്രവൃത്തികൾ വേഗത്തിലാക്കാൻ സഹായിച്ചു. കൊടുമൺ ജങ്‌ഷനിൽ ഏകദേശം 50 മീറ്റർ മീറ്റർ ദൂരത്തെ ടാറിങ് മാത്രമാണ് അവശേഷിക്കുന്നത്. ഒരാഴ്ചയ്ക്കുള ളിൽ അതും പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാലമുക്ക് മുതൽ ഏഴംകുളം വരെയുള്ള ഏകദേശം ഒന്നരകിലോമീറ്റർ ദൂരത്തെ ജോലികളും ദ്രുതഗതിയിൽ നടക്കുന്നു. ദീർഘനാളായി തകർന്നു കിടന്ന റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ശബരിമല തീർഥാടകർക്കും ഗുണം ലഭിക്കും. തിരുവനന്തപുരം, കൊല്ലം,ഭാഗത്ത് നിന്നെത്തുന്നവർക്ക് അടൂർ ടൗണിൽ പോകാതെ എംസി റോഡിൽ ഏനാത്ത് നിന്ന് ഏഴംകുളം കൊടുമൺ, കൈപ്പട്ടൂർ വഴി വേഗത്തിൽ പത്തനംതിട്ടയിലെത്താൻ കഴിയും. Read on deshabhimani.com