കുരച്ചുചാടുന്നു,ഭീതി

അക്രമകാരിയായ ഭ്രാന്തൻ നായ റെയില്‍വേ ക്വാര്‍ട്ടേഴ്സ് പരിസരത്ത് 
ചത്ത നിലയില്‍


കണ്ണൂർ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയാൽ  നായകളുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്‌ ഭാഗ്യമെന്ന്‌ കരുതിയാൽ മതി!  ബുധനാഴ്‌ച സ്‌റ്റേഷൻ നിയന്ത്രിച്ചത്‌ തെരുവുനായകളായിരുന്നു. ട്രെയിനിറങ്ങിയ 15 പേർക്കാണ്‌ ഭ്രാന്തൻ നായയുടെ  കടിയേറ്റത്‌.  സ്റ്റേഷനിലൂടെ അലഞ്ഞുതിരിഞ്ഞ നായ പെട്ടെന്ന്‌ ഓടിച്ചെന്ന്‌ യാത്രക്കാരെ കടിക്കുകയായിരുന്നു.  മറ്റ് നായകളെയും ആക്രമിച്ചു. കൂടുതൽപേർക്ക്  കടിയേറ്റതോടെ  സ്റ്റേഷനിലെത്തുന്നവർ ഭീതിയിലായി. കുത്തിവയ്‌പ്പ്‌ നടത്തി  ഏതാനും മണിക്കൂർ നിരീക്ഷണത്തിൽവച്ചാണ്‌ പരിക്കേറ്റവരെ ജില്ലാ ആശുപത്രയിൽനിന്ന് വിട്ടത്.  ഏറെ നാളായി റെയിൽവേ  സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷമാണ്. പ്രധാന പ്രവേശന കവാടം, പ്ലാറ്റ് ഫോം, കിഴക്കേ കവാടം, റിസർവേഷൻ കൗണ്ടറുകൾ എന്നിവിടങ്ങളിൽ  നായകൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. പ്ലാറ്റ് ഫോമിൽനിന്ന് മുമ്പും നിരവധിപേർക്ക് കടിയേറ്റിരുന്നു.  ടിക്കറ്റിനൊപ്പം
 ‘കടി’ ഫ്രീ സ്‌റ്റേഷനിലെത്തിയാൽ ഏതുനേരമാണ്‌ നായകൾ കുരച്ചുചാടുന്നതെന്ന്‌ പറയാനാകില്ല.  മുപ്പതോളം നായകൾ പ്ലാറ്റ്‌ഫോമുകളിലും സന്ദർശകമുറിയിലും അലഞ്ഞുതിരിയുകയാണ്‌. സ്‌റ്റേഷനിൽ ചുറ്റുമതിലില്ലാത്തതും നായകൾ വിഹരിക്കാൻ കാരണമാകുന്നു. ടിക്കറ്റെടുക്കാൻ വരിനിൽക്കുന്നവർക്ക്‌ പലതവണ കടിയേറ്റു. യാത്രക്കാരുടെ നേർക്ക്‌ നായകൾ കുരച്ചുചാടുന്നതും പതിവുകാഴ്ച.  സ്റ്റേഷനിലെത്തുന്ന യാത്രക്കാരും യാത്രയയക്കാനായി എത്തുന്നവരും ഭയപ്പാടോടെ നിൽക്കേണ്ട ഗതികേടിലാണ്.   നഗരം നീളെ നായ്ക്കൾ; 
കോർപ്പറേഷൻ അനങ്ങുന്നില്ല  കണ്ണൂർ റെയിൽവെ സ്റ്റേഷൻ മാനേജരും ആരോഗ്യവിഭാഗവും കോർപ്പറേഷന്‌ മൂന്നുതവണ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. സ്‌റ്റേഷനിലെ മാലിന്യം  തള്ളുന്നതാണ്‌ തെരുവ്‌ നായ ശല്യം കൂടാൻ കാരണമെന്നായിരുന്നു കോർപറേഷന്റെ മറുപടി.  വിഷയം കണ്ണൂർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. കോർപ്പറേഷൻ കൗൺസിൽ  യോഗത്തിൽ ഉൾപ്പടെ നിരവധിതവണ വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നെങ്കിലും നടപടിയെടുത്തില്ല. നഗരത്തിൽ എവിടെനോക്കിയാലും തെരുവുനായകളാണ്‌. ടൗൺ, ബസ് സ്റ്റാൻഡുകൾ, റോഡുകൾ, നിർമാണത്തിലിരിക്കുന്ന  കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നായ ശല്യമുണ്ട്‌. ബൈക്ക് യാത്രക്കാരുടെ മുമ്പിൽ ചാടി അപകടങ്ങൾ ഉണ്ടായ സംഭവങ്ങളുമുണ്ട്‌.  വ്യാപാരികളും തൊഴിലാളികളും പരാതി പറയാൻ  തുടങ്ങിയിട്ട് ഏറെക്കാലം ആയെങ്കിലും കോർപ്പറേഷൻ അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല.   Read on deshabhimani.com

Related News