അന്വേഷണത്തിന്‌ 
മെഡിക്കൽ ബോർഡ് രൂപീകരിക്കും



ആലപ്പുഴ ഗർഭകാലയളവിൽ നിരവധിത്തവണ സ്കാനിങ് നടത്തിയിട്ടും കുഞ്ഞിന്റെ അസാധാരണവൈകല്യം കണ്ടെത്തിയില്ലെന്ന പരാതിയിൽ അന്വേഷണത്തിന്‌ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ബോർഡിന്റെ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ്‌ നടപടികൾ. കുഞ്ഞിന്റെ അമ്മ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ സുറുമിയുടെ (34) സ്കാനിങ്  റിപ്പോർട്ടുകൾ ഡിഎംഒ ഓഫീസ്‌ ശേഖരിച്ചു.     ആലപ്പുഴ ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ സൗത്ത് പൊലീസിനാണ് അന്വേഷണച്ചുമതല. നാലു ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. കുട്ടിയുടെ അച്ഛൻ അനീഷിന്റെ പരാതിയിൽ കടപ്പുറം വനിത–--ശിശു ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെയും നഗരത്തിലെ രണ്ട്​ സ്വകാര്യ ലബോറട്ടറിയിലെ ഡോക്ടർമാരെയും പ്രതിചേർത്താണ്‌​​ ​കേസെടുത്തത്​. സുറുമിയുടെ മൂന്നാം പ്രസവത്തിനായി കടപ്പുറം വനിത-–-ശിശു ആശുപത്രിയിലെ ഡോക്ടർമാർ ആറുതവണ​ സ്കാനിങ്​ നിർദേശിക്കുകയും റിപ്പോർട്ട് പരിശോധിക്കുകയും ചെയ്തിരുന്നു​. ഡോക്ടർമാർ പറഞ്ഞ രണ്ട്​ സ്വകാര്യലാബുകളിലായിരുന്നു സ്കാനിങ്.    ഒക്ടോബർ 30നാണ്​ പ്രസവത്തിനായി യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌​. കുഞ്ഞിന് അനക്കമില്ലെന്നും നെഞ്ചിടിപ്പില്ലെന്നും കണ്ടെത്തി നവംബർ രണ്ടിന്​ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. എട്ടിന് രാത്രി ഏഴിന്​ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതോടെയാണ് കുഞ്ഞിന് അസാധാരണ വൈകല്യം കണ്ടെത്തുന്നത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലല്ല. വായതുറക്കില്ല, കണ്ണും ചെവിയും യഥാസ്ഥാനത്തല്ല. കൈയും കാലും വളഞ്ഞും ഹൃദയത്തിന്​ ദ്വാരവുമുണ്ട്​-.    ഇതോടെയാണ്​ ചികിത്സപ്പിഴവ്​ ചൂണ്ടിക്കാട്ടി  കടപ്പുറം- വനിത–-ശിശു ആശുപത്രിക്കെതിരെയും സ്കാനിങ്​ നടത്തിയ സ്വകാര്യ ലാബിലെ ഡോക്ടർമാ​ർക്കെതിരെയും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ അടക്കമുള്ളവർക്ക്​ കുടുംബം പരാതി നൽകിയത്​. സുറുമി പതിനൊന്നും അഞ്ചും വയസുള്ള രണ്ട്​ പെൺകുട്ടികളുടെ അമ്മയാണ്​. സ്‌കാനിങ്ങിനൊപ്പം മറ്റു​ പരിശോധനകളും നടത്തി. എല്ലാ നിർദേശങ്ങളും പാലിച്ച്​ മരുന്നുകൾ കൃത്യമായി കഴിച്ചിരുന്നെന്നും കുടുംബം പറയുന്നു.   Read on deshabhimani.com

Related News