ട്രാവൽ ടു ടെക്‌നോളജി ഓടിത്തുടങ്ങി

ആലപ്പുഴയിൽനിന്ന്‌ പുറപ്പെട്ട ആദ്യ ‘ട്രാവൽ ടു ടെക്‌നോളജി’ യാത്രയിൽ പങ്കെടുത്ത വിദ്യാർഥികൾ


ആലപ്പുഴ വിനോദത്തിനും തീർഥാടനത്തിനുമൊപ്പം സാങ്കേതിക–-വ്യവസായിക മേഖലയിലേക്ക്‌ വിദ്യാർഥികളെ ആനയിക്കാനൊരുങ്ങുകയാണ്‌  കെഎസ്ആർടിസി. കോർപറേഷന്റെ ബജറ്റ് ടൂറിസമാണ്‌ കുറഞ്ഞ ചെലവിൽ സംസ്ഥാനത്തെ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സാങ്കേതിക–- വ്യവസായ സ്ഥാപനങ്ങളിലേക്ക്‌ വിനോദ വിജ്ഞാന യാത്ര ‘ട്രാവൽ ടു ടെക്‌നോളജി' സംഘടിപ്പിക്കുന്നത്‌.    വിനോദത്തിനൊപ്പം വിദ്യാഭ്യാസവും സാങ്കേതിക–-വ്യവസായ മേഖലയും തമ്മിലെ വിടവ്‌ നികത്തുക, വ്യാവസായിക, സാങ്കേതിക മേഖലകൾ അടുത്തറിയാൻ അവസരമൊരുക്കുക, കേരളത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ അനിവാര്യമായ മേഖലകളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്‌ടിക്കുക എന്നിവയാണ്‌ പദ്ധതിയുടെ ലക്ഷ്യം.  ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്‌ട്രിക്കൽ ആൻഡ്‌ ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങളിലേക്ക്‌ വിവിധ യൂണിറ്റുകളിൽനിന്ന്‌ 130 പാക്കേജുകൾ ‘ട്രാവൽ ടു ടെക്‌നോളജി'യിലുണ്ട്‌. ഇതിനായി കെഎസ്‌ആർടിസി പ്രത്യേക അനുമതി വാങ്ങി. ജില്ലയ്‌ക്കകത്തെ യാത്രകൾക്ക്‌ വിദ്യാർഥികൾക്ക് ഒരുദിവസം ഭക്ഷണം ഉൾപ്പെടെ 500 രൂപയിൽ താഴെയായിരിക്കും. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെയെത്തും.  വിശദീകരണത്തിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ലഭ്യമാക്കും.    തിങ്കളാഴ്‌ച മന്ത്രി ഗണേശ്കുമാർ ഉദ്‌ഘാടനംചെയ്‌ത പദ്ധതിയിലെ ആദ്യയാത്ര ആലപ്പുഴ എടത്വ ഡിപ്പോയിൽനിന്നായിരുന്നു. എടത്വ തലവടി എഡി യുപി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടെ 49 പേർ ആദ്യയാത്രയുടെ ഭാഗമായി. ജില്ലയിലെ എഴ്‌ ഡിപ്പോകളിൽനിന്ന്‌ സ്‌കൂളുകൾക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യാത്രയുടെ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബജറ്റ് ടൂറിസം ജില്ലാ കോ–-ഓർഡിനേറ്റർമാരെ വിളിക്കാം. ഫോൺ: തിരുവനന്തപുരം –- 9447479789, കൊല്ലം – -9747969768, പത്തനംതിട്ട – -9744348037, ആലപ്പുഴ – -9846475874, കോട്ടയം – -9447223212, ഇടുക്കി –- എറണാകുളം –- 9446525773, തൃശൂർ – -9074503720, പാലക്കാട്‌ –- 8304859018, മലപ്പുറം –- 8547109115, കോഴിക്കോട്‌ – 9544477954, വയനാട്‌ –- 8921185429, കണ്ണൂർ –- 8089463675, കാസർകോട്‌ – 9895937213 Read on deshabhimani.com

Related News