ബാണാസുര നിറയുന്നു
ഓറഞ്ച്‌ അലർട്ട്‌

ജലനിരപ്പ് ഉയർന്ന ബാണാസുര അണക്കെട്ട്


കൽപ്പറ്റ തുടർച്ചയായി മഴ ലഭിച്ചതോടെ  ജില്ലയിൽ പ്രധാന അണക്കെട്ടുകളായ ബാണാസുരയിൽ  ജലനിരപ്പ്‌ ഉയർന്നു.  മുൻവർഷത്തേക്കാൾ വലിയതോതിൽ ജലനിരപ്പ്‌ ഉയർന്നിട്ടുണ്ട്‌.  കഴിഞ്ഞദിവസം ബ്ലൂ അലർട്ട് പ്രഖ്യാപിച്ച ബാണാസുരയിൽ  ഞായറാഴ്‌ച രണ്ടാംഘട്ട മുന്നറിയിപ്പായി ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. നിലവിൽ 772.50 മീറ്ററാണ്‌ ബാണാസുര അണക്കെട്ടിലെ ജലനിരപ്പ്‌. മുൻവർഷം ഇതേ സമയം 766.75 മീറ്റർ മാത്രമായിരുന്നു ജലനിരപ്പ്‌.  775.60 മീറ്ററാണ്‌ ഡാമിന്റെ സംഭരണശേഷി. ജലനിരപ്പ്‌ 773.50 മീറ്ററായാൽ  റെഡ്‌ അലർട്ട്‌ പ്രഖ്യാപിക്കും. തുടർന്ന്‌ എല്ലാ മുൻകരുതൽ നടപടികളും പൂർത്തിയാക്കി സ്‌പിൽ വേ ഷട്ടറുകൾ വഴി അധികജലം തുറന്നുവിടും. കഴിഞ്ഞ രണ്ട്‌ ദിവസം ജില്ലയിൽ പൊതുവിൽ മഴയിൽ കുറവ്‌ വന്നിട്ടുണ്ടെങ്കിലും ഡാം പരിസരത്ത്‌ മഴ തുടരുന്നതും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചതുമാണ്‌ ജലനിരപ്പ്‌ ഉയരാൻ കാരണം. മറ്റൊരു പ്രധാന  അണക്കെട്ടായ കാരാപ്പുഴയിൽ 757. 950 മീറ്ററാണ്‌ ജലനിരപ്പ്‌. മുൻവർഷം ഇതേ കാലയളവിനേക്കാൾ ജലനിരപ്പിൽ വലിയ വർധന ഉണ്ടായില്ല. 763 മീറ്ററാണ്‌ സംഭരണശേഷി. ജലനിരപ്പ്‌ ഉയരുന്നതിനനുസരിച്ച്‌ നിശ്‌ചിത അളവിൽ വെള്ളം  ഒഴുക്കിവിടുന്നുണ്ട്‌.       ജില്ലയിൽ തിങ്കൾ  മഞ്ഞ അലർട്ടാണ്‌. ശനി രാവിലെ എട്ട്‌ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 48.2 മില്ലി മീറ്ററാണ്‌  മഴ പെയ്‌തതെങ്കിൽ ഞായർ രാവിലെ എട്ട്‌വരെയുള്ള 24 മണിക്കൂറിൽ 9.5 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌.  ജൂൺ മുതൽ ജൂലൈ 28 വരെ ജില്ലയിൽ 1187.4 മില്ലി മീറ്റർ മഴ ലഭിച്ചു. ജാഗ്രത പുലർത്തണം: കലക്ടർ ബാണാസുര അണക്കെട്ടിന്റെ ജലനിരപ്പ്‌ 773.50 മീറ്ററായി ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന്‌ കലക്ടർ ആർ ഡി മേഘശ്രീ അറയിച്ചു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുകയാണ്‌.  അണക്കെട്ടിന്റെ ബഹിർഗമന പാതയിലും  സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.  അടിയന്തര സാഹചര്യമുണ്ടായാൽ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.   Read on deshabhimani.com

Related News