കാർ തെങ്ങിൽ ഇടിച്ചുമറിഞ്ഞ് ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും മരിച്ചു
മാരാരിക്കുളം കാർ തെങ്ങിൽ ഇടിച്ച് സമീപത്തെ വീട്ടിലേക്കുമറിഞ്ഞ് ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും മരിച്ചു. ഡിവൈഎഫ്‌ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറിയും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ മാരാരിക്കുളം തെക്ക് എൽജി നിവാസിൽ എം രജീഷ് (32) അയൽവാസിയും സുഹൃത്തുമായ കരോട്ടുവെളി അനന്തു (29) എന്നിവരാണ് മരിച്ചത്. സമീപവാസികളും സുഹൃത്തുക്കളുമായ പീലിക്കകത്തുവെളി അഖിൽ (27), കരോട്ടുവെളി സുജിത്ത് (26), സദാശിവം വീട്ടിൽ അശ്വിൻ (21) എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ രാത്രി ഒമ്പതോടെ പ്രീതികുളങ്ങര തെക്കാണ് അപകടം. രജീഷും സുഹൃത്തുക്കളും മാരൻകുളങ്ങരയിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ വളവിൽ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി തെങ്ങിലിടിച്ച് സമീപത്തെ വീട്ടിലേക്ക് മറിയുകയായിരുന്നു. മാരാരിക്കുളം തെക്ക് ദ്വാരക തോട്ടുചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് മറിഞ്ഞത്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. പിന്നീട് പൊലീസും അഗ്‌നിരക്ഷാസേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനാണ്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗവും സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റിയംഗവുമാണ്. എസ്‌എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയാണ്. അച്ഛൻ: മണിയപ്പൻ. അമ്മ: ഓമന. സഹോദരി: റാണി. അനന്തു കയർഫെഡ് ജീവനക്കാരനാണ്. അമ്മ: ബീന. സഹോദരൻ: അർജുൻ. ഇരുവരുടെയും സംസ്‍കാരം തിങ്കൾ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. പകൽ രണ്ടിന് സിപിഐ എം വളവനാട് ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്‌ക്കും. എം രജീഷിന്റെ മൃതദേഹം 2.30ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വയ്‌ക്കും. Read on deshabhimani.com