മറഞ്ഞത് വയനാടിന് പുത്തൻ കൃഷിയറിവുകൾ പകർന്ന പ്രതിഭ
കൽപ്പറ്റ മണ്ണിൽ പൊന്നുവിളയിക്കാൻ അറിഞ്ഞ് പ്രയോഗിക്കാൻ കൃഷിയറിവുകൾ പങ്കിട്ട ശാസ്‌ത്ര പ്രതിഭയെയാണ് എം എസ് സ്വാമിനാഥന്റെ നിര്യാണത്തിലൂടെ നഷ്‌ടമായത്. വയനാടിന്റെ ജൈവ വൈവിധ്യകലവറകളെക്കുറിച്ച് പഠിക്കുന്നതിനും ഗ്രാമീണമേഖലകളിൽ കാർഷിക അറിവ് പ്രദാനം ചെയ്യുന്നതിനുമായി സ്വാമനാഥൻ സ്ഥാപിച്ച എം എസ് സ്വാമിനാഥൻ ഗവേഷണനിലയം പിന്നീട് ജില്ലയുടെ പ്രശസ്‌തിയുടെ അളവ്‌കോലായി മാറി. കാർഷകിമേഖലയിലും ശാസ്‌ത്രമേഖലയിലും പരിശീലനപരിപാടികൾ സംഘടിപ്പിച്ച് ചെറുകിട കർഷകരെയും ഗ്രാമീണരെയും ആദിവാസികളെയുമെല്ലാം കാർഷിക ഉപജീവന മേഖലകളിൽ വ്യാപൃതരാക്കിയതിൽ ഈ നിലയം മുഖ്യപങ്ക് വഹിച്ചു. ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും ഗവേഷണനിലയങ്ങൾക്ക് പിന്നാലെയാണ് കൽപ്പറ്റ പുത്തൂർവയലിൽ 1997ൽ ഗവേഷണനിലയം സ്ഥാപിക്കുന്നത്. ഗവേഷണനിലയം സ്ഥാപിച്ച ശേഷം എല്ലാ വർഷവും എത്തി എം എസ് സ്വാമിനാഥൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയതോടെ വരവ് കുറഞ്ഞു. 2013ൽ പുതിയ പദ്ധതിയായ കുടുംബകൃഷി പദ്ധതി നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കായാണ് അവസാനമായി വയനാട്ടിലെത്തിയതെന്ന് എംഎസ്‌എസ്‌ആർഎഫ് സീനിയർ ഡവലപ്‌മെന്റ് കോ–- ഓർഡിനേറ്റർ ഗിരിജൻ ഗോപി പറഞ്ഞു. പശ്‌ചമിഘട്ട മേഖലയിൽ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിൽ ഗവേഷണനിലയം സജീവമായ പ്രവർത്തനം നടത്തി. 20 ഏക്കറിൽ ഔഷധസസ്യങ്ങളുടെ തോട്ടം ഒരുക്കുന്നതിനൊപ്പം ഇതിന്റെ ഗുണഫലങ്ങൾ സാധാരണക്കാരന് ലഭ്യമാക്കാനും സംവിധാനമൊരുക്കി. ആദിവാസി മേഖലകളിലും ഗവേഷണനിലയത്തിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകളുമായും സംഘടനകളുമായും സഹകരിച്ച് നിരവധി ശിൽപ്പശാലകളും സെമിനാറുകളും എംഎസ്‌എസ്‌ആറിൽ നടക്കാറുണ്ട്. ഇതിനെല്ലാം വഴിയൊരുക്കിയത് എം എസ് സ്വാമിനാഥൻ എന്ന കൃഷി ശാസ്‌ത്രജ്‌ഞനായിരുന്നു. Read on deshabhimani.com