ഓണത്തിനുണ്ണാം "ചെമ്മരുതി ബ്രാൻഡ്’
സുധീർ വർക്കല വർക്കല ചെമ്മരുതിയുടെ വയലേലകളിൽനിന്ന് കൊയ്‌തെടുത്ത് നാടിന്റെ സ്വന്തം കുടുംബശ്രീയുടെ കൈകളിലൂടെ ഇതാ വിപണിയിലേക്ക് ഒരുങ്ങുന്നു, പഞ്ചായത്തിന്റെ സ്വന്തം "ചെമ്മരുതി ബ്രാൻഡ്' കുത്തരി. ജൂണിൽ വിപണിയിൽ എത്തുംവിധം നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് ഊന്നൽ നൽകി ബൃഹദ് പദ്ധതികളാണ് ചെമ്മരുതി പഞ്ചായത്തും ഒരുക്കുന്നത്. പനയറ, മുത്താന, മുട്ടപ്പലം, കോവൂർ, പ്രാലേയഗിരി, കൂട്ടപ്പുര, ചെമ്മരുതി എന്നിങ്ങനെ ഏഴ് പാടശേഖരത്തിലായി 126 ഹെക്ടറിൽ ഒരുകാലത്ത് നെൽക്കൃഷിയുണ്ടായിരുന്നു. എന്നാൽ, പിന്നീടിത് 68 ഹെക്ടറിലേക്ക് ചുരുങ്ങി. കാർഷികമേഖലയിലെ സജീവ ഇടപെടലിലൂടെ കഴിഞ്ഞവർഷം ഇത് 80 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനായി. ഈവർഷം 110 ഹെക്ടറിലെ കൃഷിയാണ് ലക്ഷ്യം. തരിശായ പനയറ, മുത്താന, കോവൂർ പാടശേഖരങ്ങളിലായി 18 ഹെക്ടറിൽ കൃഷിയിറക്കാൻ നടപടിയായി. ഉമ, ഭാഗ്യ, ശ്രേയസ്സ് എന്നീ മേൽത്തരം വിത്തുകളായിരുന്നു കഴിഞ്ഞതവണ നൽകിയത്. അതിൽനിന്ന് ഉൽപ്പാദിപ്പിച്ച 452 ടൺ നെല്ല് 28.50 രൂപ നിരക്കിൽ സിവിൽ സപ്ലൈസ് കോർപറേഷനാണ് കൈമാറിയത്. ഇത്തവണ നെൽക്കർഷകരെ സഹായിക്കാൻ കുടുംബശ്രീ ഈ നെല്ല് ന്യായവിലയ്ക്കു വാങ്ങി കുടുംബശ്രീ യൂണിറ്റുകൾ വഴി മായം ചേരാത്ത കുത്തരിയാക്കി ജനങ്ങൾക്ക് എത്തിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 2000 വീട്ടിൽ അടുക്കളത്തോട്ടവും 2000 വീട്ടിൽ ഇടവിളക്കൃഷിയും 200 വീട്ടിൽ വാഴക്കൃഷിയും 500 വീട്ടിൽ ഗ്രോ ബാഗിൽ പച്ചക്കറിക്കൃഷിയും 200 വീട്ടിൽ ഫലവൃക്ഷത്തൈയും 1100 വീട്ടിൽ മുട്ടക്കോഴി വളർത്തലും 20 കേന്ദ്രത്തിൽ മത്സ്യക്കൃഷിയും 25 വീട്ടിൽ ആടുവളർത്തൽ പദ്ധതിയും 12 ലക്ഷം രൂപയുടെ ക്ഷീരസമൃദ്ധി പദ്ധതിയും നടപ്പാക്കുന്നുണ്ട്. കർഷകർക്ക് കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കാൻ അഗ്രോ സർവീസ് സെന്ററും ആരംഭിച്ചിട്ടുണ്ട്. ചെമ്മരുതിയിലെ ഭൂരിഭാഗംപേരും കാർഷിക മേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. കൂലിച്ചെലവും ഉല്പന്നങ്ങളുടെ വിലയിടിവുംമൂലം തളർന്ന കാർഷികമേഖലയെ തിരികെപ്പിടിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യമിടുന്നത്. Read on deshabhimani.com