പാലിയേക്കരയിൽ ടോള്‍ പ്ലാസയില്‍ ഫീസ് തട്ടിപ്പെന്ന് പരാതി



കളമശേരി  പാലിയേക്കര ടോൾ പ്ലാസയിലൂടെ ഒരുതവണ യാത്ര ചെയ്ത കാറിന് എട്ടുതവണ ഫീസ് ഈടാക്കി തട്ടിപ്പ് നടത്തിയതായി പരാതി. കളമശേരി സ്വദേശി അജ്നാസ് റഹ്മാനാണ് താൻ ഓടിച്ച കാറി​ന്റെ ടോൾ ചാർജായി എട്ടുതവണ തുടർച്ചയായി ടോൾ ഈടാക്കിയതായി പരാതി നൽകിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് തൃശൂരിലേക്ക് പോയ വാഹനം പകൽ 3.15നാണ് ടോൾ പ്ലാസ കടന്നത്. 90 രൂപയാണ് ഒരുവശത്തേക്കുള്ള ടോൾ ചാർജ്. എന്നാൽ, ഈ സമയംമുതൽ വൈകിട്ട് അഞ്ചുവരെ പലതവണയായി 90 രൂപവീതം എട്ടുതവണ ഫാസ് ടാഗ് അക്കൗണ്ടിൽനിന്ന്‌ പണം നഷ്ടപ്പെട്ടു. പിറ്റേദിവസം കണ്ടെയ്നർ റോഡിലെ പൊന്നാരിമംഗലം ടോളിൽ എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. അക്കൗണ്ടിൽ ബാലൻസ് ഉണ്ടെന്ന് കരുതി ടോൾ കടക്കാൻ ശ്രമിച്ചപ്പോൾ മതിയായ തുക ഇല്ലെന്ന പേരിൽ ഇവിടെ വാഹനം തടഞ്ഞു. ഇവിടത്തെ ജീവനക്കാരാണ് അക്കൗണ്ടിൽ നെഗറ്റീവ് ബാലൻസ് ആണെന്ന് അറിയിച്ചത്. ഫാസ്‍ടാ​ഗ് സ്റ്റേറ്റ്മെ​ന്റ് പരിശോധിച്ചപ്പോഴാണ് പാലിയേക്കര ടോളിൽ നടന്ന തട്ടിപ്പ് തിരിച്ചറിഞ്ഞത്. എൻഎച്ച്എഐ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പാലിയേക്കര ടോൾ ഇൻ ചാർജി​ന്റെ നമ്പറിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇതുസംബന്ധിച്ച് ഒരു പരാതി പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഇ മെയിലായി അയച്ചെങ്കിലും മൂന്ന് ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് വാഹന ഉടമ പറഞ്ഞു. അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.   Read on deshabhimani.com

Related News