വാഹനം തടഞ്ഞ്‌ സ്വർണക്കവർച്ച: 5 പ്രതികൾ അറസ്റ്റിൽ

റോഷൻ, ഷിജോ, സിദ്ദിഖ്‌ , നിഖിൽ നാഥ്‌ , നിശാന്ത്‌


 ഒല്ലൂർ ദേശീയപാതയിൽ പട്ടിക്കാടിനടുത്ത്‌ കല്ലിടുക്കിൽ വാഹനം തടഞ്ഞ്‌ രണ്ടരക്കിലോ സ്വർണം കവർച്ച നടത്തിയ കേസിൽ മുഖ്യപ്രതിയടക്കം അഞ്ചുപേർ പിടിയിൽ. പത്തനംതിട്ട  തിരുവല്ല തിരുമൂലപുരം ചുങ്കത്തിലായ ചിറപ്പാട്ടിൽ റോഷൻ വർഗീസ് (29),  തിരുവല്ല ആലംതുരുത്തി മാങ്കുളത്തിൽ ഷിജോ വർഗീസ് (23), തൃശൂർ  ശ്രീനാരായണപുരം പള്ളിനട ഊളക്കൽ സിദ്ദിഖ്‌ (26),  നെല്ലായി  കൊളത്തൂർ തൈവളപ്പിൽ നിശാന്ത് (24),  മൂന്നുപീടിക അടിപറമ്പിൽ  നിഖിൽ നാഥ് (36)  എന്നിവരെയാണ് സിറ്റി പൊലീസ്‌ പിടികൂടിയത്‌. മണ്ണുത്തി, പീച്ചി, വിയ്യൂർ, ഒല്ലൂർ സ്‌റ്റേഷനുകളിൽനിന്നുള്ള പൊലീസ് സംഘം സാഗോക്ക് സ്ക്വാഡിന്റെ സഹായത്തോടെയാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. സെപ്‌തംബർ 25നായിരുന്നു കവർച്ച. കോയമ്പത്തൂരിൽനിന്നും പണികഴിപ്പിച്ച രണ്ടര ക്കിലോ സ്വർണവുമായി വാഹനത്തിൽ മടങ്ങിവന്നിരുന്ന  തൃശൂര്‍  സ്വദേശികളായ അരുണ്‍ സണ്ണി, സുഹൃത്ത് റിജോ തോമസ് എന്നിവരെ കല്ലിടുക്കിൽ വച്ച് മൂന്നു വാഹനങ്ങളിൽവന്ന് തടഞ്ഞുനിർത്തിയാണ്‌ കവർച്ച നടത്തിയത്‌.   വാഹനത്തിന്റെ ഗ്ലാസ് തകർത്ത്‌ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട്‌ കുട്ടനെല്ലൂരിൽ ഇവരെ ഇറക്കിവിട്ട്‌ സ്വർണവുമായി പ്രതികൾ മുങ്ങി.  ഇവരുടെ പരാതിയിൽ  വിശദമായ അന്വേഷണം നടത്തി ടോൾപ്ലാസകളും വിവിധ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ്‌ പ്രതികളെ കണ്ടെത്തിയത്‌. കേസിൽ  പ്രതികളായ സിദ്ദിഖ്, നിശാന്ത്, നിഖിൽ നാഥ് എന്നിവരെ വെള്ളി പുലർച്ചെ മൂന്നരയോടെയാണ്‌  കുതിരാനിൽനിന്ന് പിടികൂടിയത്‌.  ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ലയിൽ നിന്ന്‌  ഷിജോ, റോഷൻ എന്നിവരെയും  പിടികൂടി. പ്രതികൾ വാഹനത്തിൽ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് അന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു. അന്വേഷകസംഘത്തിന്‌ ലഭിച്ച രഹസ്യവിവരമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടി.  കേസിൽ  മറ്റു പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്‌  പൊലീസ്‌ അറിയിച്ചു.    അയൽ സംസ്ഥാനങ്ങളിലും 
സമാന കവർച്ച; സൂത്രധാരൻ റോഷൻ  ഒല്ലൂർ രണ്ടരക്കിലോ സ്വർണം കവർന്ന കേസിലെ പ്രധാന സൂത്രധാരൻ റോഷൻ വർഗീസ്‌. കർണാടകത്തിലും തമിഴ്നാട്ടിലും സമാന രീതിയിൽ കവർച്ച നടന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ഒന്നാം പ്രതി റോഷന്‌ തിരുവല്ല, ചങ്ങനാശേരി, ചേർത്തല എന്നീ സ്റ്റേഷനുകളിൽ 22 കേസുണ്ട്‌. ഷിജോയ്‌ക്ക് തിരുവല്ല, കോട്ടയം ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ഒമ്പത്‌ കേസും  സിദ്ദിഖിന്‌  മതിലകം, കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ സ്റ്റേഷനുകളിൽ എട്ട്‌ കേസും നിശാന്തിന്‌ കൊണ്ടോട്ടി സ്റ്റേഷനിൽ ഒരു കേസും നിഖിൽ നാഥിന്‌  മതിലകം, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിലായി 12 കേസും  നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.  സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം ഒല്ലൂർ എസിപി എസ്‌ പി  സുധീരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.  പീച്ചി ഇൻസ്പെക്ടർ  പി അജിത്‌കുമാർ, മണ്ണുത്തി എസ്‌ഐ കെ സി ബൈജു,  വിയ്യൂർ എസ്‌ഐ  എൻ ന്യൂമാൻ, സൈബർസെൽ എസ്‌ഐ ടി ഡി ഫീസ്റ്റോ,  എഎസ്‌ഐമാരായ  പി എം റാഫി, പഴനിസ്വാമി, അജിത്‌ കുമാർ,  രജിത,  സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത്ത്,  സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്,   ദിലീപ്,  മിനീഷ്,  മഹേഷ്,  അബീഷ് ആന്റണി,  അനിൽകുമാർ,   നിതീഷ്,   സെബാസ്റ്റ്യൻ, വിഷ്ണു എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News