ഇടുക്കി ജില്ല ഡീലേഴ്‌സ് സഹ. സംഘത്തിൽ ക്രമക്കേട്: സെക്രട്ടറി അറസ്റ്റിൽ
നെടുങ്കണ്ടം കോൺഗ്രസ് ഭരിക്കുന്ന ഇടുക്കി ജില്ല ഡീലേഴ്‌സ് സഹകരണ സംഘത്തിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിൽ സംഘം സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഞായർ പകൽ ഒന്നോടെ എൻ പി സിന്ധുവിനെയാണ് ഇടുക്കി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ഡീലേഴ്സ് സഹകരണ സംഘത്തിന് കട്ടപ്പന, കുമളി, അടിമാലി എന്നിവിടങ്ങളിലായി ബ്രാഞ്ചുകളുണ്ട്. സംഘത്തിൽ വ്യാജ വായ്പയെടുത്തും, നിക്ഷേപകർക്ക് അമിത പലിശ നൽകിയും നാല് കോടിയോളം രൂപ ജീവനക്കാരും മുൻ ഭരണസമിതിയും ചേർന്ന് തട്ടിപ്പ് നടത്തിയെന്ന കേസിൽ വകുപ്പ് തലത്തിലും വിജിലൻസിലും ക്രൈംബ്രാഞ്ചിലും പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടറി കുടുങ്ങിയത്. അംഗങ്ങളുടെ സമ്മതമില്ലാതെ വ്യാജ ഗ്രൂപ്പ് നിക്ഷേപ പദ്ധതിയും വ്യാജ സ്വയം സഹായ സംഘങ്ങളും രൂപീകരിച്ച് പണംതട്ടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്‌തംബറില്‍ സൊസൈറ്റിയുടെ കുമളി ശാഖയിൽനിന്ന് 1.28 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ ശാഖ മാനേജർ വൈശാഖ് മോഹനെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തില്‍ വൈശാഖ് നടത്തിയ ഇടപെടലുകളില്‍ സെക്രട്ടറി മതിയായ അന്വേഷണം നടത്തിയിരുന്നില്ലെന്നും ഒത്താശ ചെയ്തുവെന്നും തെളിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണം സെക്രട്ടറിയിലേക്കും നീണ്ടു. അന്വേഷണത്തില്‍ സിന്ധു ഹെഡ് ഓഫീസിലെ നിരവധി തിരിമറികള്‍ മറയ്ക്കാനായി വൈശാഖ് മോഹനെ ഉപയോഗിച്ചിരുന്നു എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. ഇതിന് പ്രത്യുപകരാമെന്ന നിലയില്‍ വൈശാഖ് ബ്രാഞ്ചില്‍ നടത്തിയ തിരിമറികള്‍ക്കെല്ലാം സെക്രട്ടറി എന്ന നിലയില്‍ സിന്ധുവും കൂട്ടുനില്‍ക്കുകയായിരുന്നു. ഇതോടൊപ്പം വ്യാജപ്പേരില്‍ ചിട്ടി ചേര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇതു കൂടാതെ മുൻ മാനേജർ നടത്തിയ തട്ടിപ്പ് സെക്രട്ടറി അറിഞ്ഞില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും കണ്ടെത്തി. സെക്രട്ടറിയുടെ അനുമതി ലഭിക്കാതെ ലോണുകൾ പാസാക്കാൻ പാടില്ല. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്ന് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിച്ച് തിരികെ ജോലിയിൽ പ്രവേശിക്കാൻ മുൻ ഭരണസമിതിക്ക് നൽകിയ കരാറും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ സിന്ധുവിനെ റിമാൻഡ് ചെയ്തു. മുൻഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ബോർഡംഗമായിരുന്ന ബാങ്കാണിത്. ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ശുപാർശ ഇല്ലാതെ പണമിടപാടുകൾ നടക്കില്ല. ഈ സാഹചര്യത്തിൽ ബോർഡ് അംഗങ്ങളായ കോൺഗ്രസ് നേതാക്കളുടെ പങ്കും അന്വേഷിക്കണം. Read on deshabhimani.com