പീച്ചി ഷട്ടർ 72 ഇഞ്ച്‌ ഉയർത്തി



 തൃശൂർ കനത്തമഴയെത്തുടർന്ന്‌ ചരിത്രത്തിലാദ്യമായി പീച്ചീ ഡാമിന്റെ നാല്‌ ഷട്ടറുകളും 72  ഇഞ്ചായി  (182 സെന്റീമീറ്റർ) ഉയർത്തി. 2018ലെ   പ്രളയ  ത്തിലൊഴികെ  കാലവർഷത്തിൽ  72  ഇഞ്ച്‌ ഷട്ടർ   ഉയർത്തുന്നത്‌ ആദ്യമായാണ്‌. വൃഷ്ടി പ്രദേശത്ത്‌  24 മണിക്കൂറിനുള്ളിൽ 232 മില്ലീമീറ്റർ മഴ പെയ്‌തതോടെയാണ്‌ ചൊവ്വാഴ്‌ച ഷട്ടറുകൾ ക്രമാനുസരണം  ഉയർത്തിയത്‌. മഴ കുറഞ്ഞതോടെ ചൊവ്വാഴ്‌ച വൈകിട്ട്‌ 62 ഇഞ്ചായി ഷട്ടർ താഴ്‌ത്തി.  പീച്ചി ഡാമിന്റെ  നാലു സ്‌പിൽവേ ഷട്ടറുകൾ 30 സെന്റീമീറ്റർ തിങ്കളാഴ്‌ച  ഉയർത്തിയിരുന്നു.    അതിതീവ്ര മഴ   പെയ്‌ത  സാഹചര്യത്തിലാണ്  ചൊവ്വാഴ്‌ച ഷട്ടറുകൾ  വീണ്ടും ഉയർത്തിയത്.  ഇതോടെ മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.  തമിഴ്‌നാട്‌ ഷോളയാർ  തുറന്നു; ചാലക്കുടിയിൽ ജാഗ്രത  പെരിങ്ങൽക്കുത്ത്‌ ഡാമിന്‌ പുറമെ തമിഴ്നാട് ഷോളയാർ ഡാമും  തൂണക്കടവ്‌ ഡാമും തുറന്നു. ഇതോടെ ചാലക്കുടിപ്പുഴയിൽ ക്രമാതീതമായി വെള്ളം എത്തുന്നുണ്ട്‌.  പെരിങ്ങൽക്കുത്ത് ഡാമിന്റെ ആറ്‌ ഷട്ടറുകൾ 14 അടി വീതവും ഒരു ഷട്ടർ അഞ്ച്‌ അടിയും   സ്ലൂയിസ് ഗേറ്റും തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ  ഭാഗമായി പരമാവധി 1200 ക്യൂമെക്‌സ്  ജലമാണ്‌  പുഴയിലേക്ക് ഒഴുക്കുന്നത്‌.  ഇതുമൂലം പുഴയിൽ ഏകദേശം 1.5 മീറ്റർ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇതുകൂടാതെ തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങൽക്കുത്തിലേക്ക്‌ ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാർ ഡാം തുറന്ന്‌ വെള്ളം കേരള ഷോളയാറിലേക്ക് ഒഴുക്കുന്നുണ്ട്.  ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ, അതിരപ്പിള്ളി, പരിയാരം, മേലൂർ, കാടുകുറ്റി, അന്നമനട, കുഴൂർ, എറിയാട് പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.  വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ എല്ലാവരോടും ക്യാമ്പിലേക്ക്‌ മാറാൻ നിർദേശം നൽകിയിട്ടുണ്ട്.   മറ്റു ഡാമുകളും തുറന്നു  പീച്ചി, പെരിങ്ങൽക്കുത്ത്‌ ഡാമുകൾക്ക്‌ പുറമെ മറ്റു ഡാമുകളും തുറന്നു. വാഴാനി  ഡാമിന്റെ ജലനിരപ്പ്‌ 62.48 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ നാല്‌ ഷട്ടറുകളും 90 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്‌.   പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നുണ്ട്. പൂമല ഡാമിന്റെ നാല് ഷട്ടറുകൾ 15 സെന്റീമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്റെ നാലു ഷട്ടറുകൾ ആറ്‌ സെന്റീമീറ്റർ വീതവും തുറന്നിട്ടുണ്ട്‌.  Read on deshabhimani.com

Related News