നികുതിവെട്ടിച്ച്‌ ഡീസൽ കച്ചവടം



കൊല്ലം കൺസ്യൂമർ പമ്പിലേക്കെന്ന വ്യാജേന എത്തിക്കുന്ന ഡീസൽ പ്ലാസ്റ്റിക് ടാങ്കിൽ നിറച്ച്‌ മറിച്ചുവിൽക്കുന്ന സംഘം ജില്ലയിൽ സജീവം. നികുതിവെട്ടിച്ച് മം​ഗളൂരു, മാഹി എന്നിവിടങ്ങളിൽനിന്ന് ടാങ്കർ ലോറികളിൽ കൊണ്ടുവരുന്ന ഡീസലാണ് ഇത്തരത്തിൽ വിൽക്കുന്നത്. ചൊവ്വാഴ്ച തോപ്പിൽക്കടവ് ഭാ​ഗത്തെത്തിച്ച ടാങ്കറിൽനിന്ന്‌ ഇത്തരത്തിൽ ഡീസൽ പ്ലാസ്റ്റിക് ടാങ്കുകളിലേക്ക് മാറ്റുന്നതറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം വെസ്റ്റ്‌ പൊലീസ്‌ ലോറി കസ്റ്റ‍ഡിയിലെടുത്തിരുന്നു. കെഎൽ 08 എസി 2070 രജിസ്ടേഷൻ നമ്പരിലുള്ള ടാങ്കറാണ് കസ്റ്റ‍ഡിയിലെടുത്തത്. കേസെടുക്കാതെ വാഹനം വിട്ടുനൽകിയതായാണ് ആരോപണം. സ്വന്തം ആവശ്യത്തിനെന്ന പേരിൽ മറൈൻ കൺസ്യൂമർ പമ്പ്‌ ഉടമകൾ കർണാടകയിൽനിന്ന്‌ കടത്തുകൂലിയടക്കം ലിറ്ററിന്‌ 80രൂപയ്ക്കാണ് ഡീസൽ വാങ്ങുന്നത്. ഇത് കേരളത്തിലെത്തിച്ച് 95 രൂപയ്ക്ക് മറിച്ചുവിൽക്കും. മീൻപിടിത്തബോട്ടുകളും ഹൗസ് ബോട്ടുകളുമാണ് പ്രധാനമായി  വാങ്ങുന്നത്. ബില്ലില്ലാതെയുള്ള കച്ചവടത്തിൽ സർക്കാരിനുണ്ടാകുന്നത് കോടികളുടെ നഷ്ടം.  പെസൊ 
നിയമലംഘനം പ്ലാസ്റ്റിക്‌ ടാങ്കിൽ ഡീസൽ നിറയ്‌ക്കുന്നത്‌ പെട്രോളിയം ആൻഡ് എക്‌‍സ്‍പ്ലോസീവ് സേഫ്‌ടി ഓർഗനൈസേഷൻ (പെസോ) നിയമം ലംഘിച്ചാണ്. നിയമം അനുസരിച്ച്‌ 1000 ലിറ്ററിനു മുകളിൽ ഡീസൽ സൂക്ഷിക്കുന്നതിന്‌ എഡിഎമ്മിന്റെ  പ്രത്യേക അനുമതിവേണം. പെസൊ ലൈസൻസുള്ളതും കാലിബ്രേഷൻ ചെയ്‌തതുമായ ടാങ്കറുകളിലാണ്‌ എണ്ണക്കമ്പനികളിൽനിന്ന്‌ ഡീസൽ കൊണ്ടുവരുന്നത്‌. കമ്പനി കരാറുള്ള വാഹനത്തിൽ കൊണ്ടുവരുന്ന ഡീസൽ, പമ്പുകളിലെ ടാങ്കുകളിൽ മാത്രമേ ഇറക്കാൻ നിയമമുള്ളൂ.  കമ്പനിയുടെ ഇ ലോക്ക്‌ സംവിധാനമുള്ള ടാങ്കർ തുറക്കുന്നത്‌ ഒടിപി വഴിയാണെന്ന്‌ പെട്രോൾ പമ്പുടമകൾ പറഞ്ഞു.  ഇ–-വേ ബിൽ മാത്രം എറണാകുളത്തെ ഒരു സ്വകാര്യ കെമിക്കൽ സ്ഥാപനത്തിൽനിന്ന്‌ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലേക്ക്‌ രാസവസ്തുക്കൾ കൊണ്ടുപോകാനുള്ള  ഇ–- വേ ബിൽ മാത്രമാണ്‌  വാഹനത്തിനുണ്ടായിരുന്നതെന്ന് ജിഎസ്‌ടി അധികൃതർ. 24 മുതൽ 30 വരെ എടുത്ത ബില്ലുകളിലാണ്‌  ഇത്‌ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News