രണ്ടിടത്ത്‌ എൽഡിഎഫ്‌, 
യുഡിഎഫ് 0

രാമങ്കരി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ബി സരിൻകുമാറിനൊപ്പം എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു , കുട്ടമ്പേരൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സജു പി തോമസിനെ സിപിഐ എം ഏരിയാ സെക്രട്ടറി 
പ്രൊഫ. പി ഡി ശശിധരൻ ഹാരാർപ്പണം നടത്തുന്നു


ആലപ്പുഴ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന മൂന്ന്‌ പഞ്ചായത്ത്‌ വാർഡുകളിൽ രണ്ടിടത്ത്‌ എൽഡിഎഫും ഒരു വാർഡിൽ ബിജെപിയും ജയിച്ചു. മാന്നാർ കുട്ടമ്പേരൂർ പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണം ഉറപ്പിച്ചു.  രാമങ്കരി പഞ്ചായത്ത്‌ 13–-ാം വാർഡിൽ സിപിഐ എമ്മിലെ ബി സരിൻകുമാർ ഒമ്പത്‌ വോട്ടിനും കുട്ടമ്പേരൂർ പഞ്ചായത്ത്‌ 11–-ാം വാർഡിൽ സിപിഐ എമ്മിലെ സജു പി തോമസ്‌ 120 വോട്ടിനുമാണ്‌ ജയിച്ചത്‌. ചെറിയനാട്‌ പഞ്ചായത്ത്‌ നാലാം വാർഡ്‌ അരിയന്നൂർശേരിയിൽ ബിജെപിയിലെ ഒ ടി ജയമോഹൻ 118 വോട്ടിനാണ്‌ ജയിച്ചത്‌.  കുട്ടമ്പേരൂർ പഞ്ചായത്തിൽ യുഡിഎഫ്‌ അംഗമായിരുന്ന സുനിൽ ശ്രദ്ധേയം എൽഡിഎഫിനൊപ്പം ചേർന്നതിനെ തുടർന്ന്‌ അയോഗ്യനാക്കപ്പെട്ടതോടെയാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ഇവിടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫിന്‌ ഭരണം ലഭിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ജയിച്ചതോടെ ഇവിടെ ഭരണം ഉറപ്പിച്ചു. എൽഡിഎഫിലെ സജു പി തോമസ്‌ 589, യുഡിഎഫിലെ എസ്‌ ചന്ദ്രകുമാർ 469, എൻഡിഎയിലെ എൻ ശ്രീക്കുട്ടൻ 235, സ്വതന്ത്രൻ ചന്ദ്രൻ  നാല്‌ എന്നിങ്ങനെയാണ്‌ വോട്ടുനില. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ്‌ ഒമ്പത്‌, യുഡിഎഫ്‌ എട്ട്‌, ബിജെപി ഒന്ന്‌ എന്നിങ്ങനെയാണ്‌ ഇപ്പോഴത്തെ കക്ഷിനില. രാമങ്കരിയിൽ മുൻ അംഗമായിരുന്ന ആർ രാജേന്ദ്രകുമാർ രാജിവച്ചതിനെതുടർന്നായിരുന്നു വോട്ടെടുപ്പ്‌ വേണ്ടിവന്നത്‌. അവിശ്വാസത്തെത്തുടർന്ന്‌ കോൺഗ്രസിനാണ്‌ ഭരണം. സിപിഐ എമ്മിലെ ബി സരിൻകുമാർ 315, യുഡിഎഫിലെ ബാലകൃഷ്‌ണൻ 306, ബിജെപിയിലെ ശുഭപ്രഭ 42, എസ്‌യുസിഐയിലെ അനിൽ 22 എന്നിങ്ങനെയാണ്‌ വോട്ടുകൾ. എൽഡിഎഫ്‌ ഒമ്പത്‌, യുഡിഎഫ്‌ നാല്‌ എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷിനില. സിപിഐ എമ്മിലെ എം എ ശശികുമാർ അന്തരിച്ചതിനെത്തുടർന്നാണ്‌ ചെറിയനാട്‌ അരിയന്നൂർശേരിയിൽ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ബിജെപിയിലെ ഒ ടി ജയമോഹൻ 510, എൽഡിഎഫിലെ പി ഉണ്ണികൃഷ്‌ണൻ നായർ 408, യുഡിഎഫിലെ ദിലീപ്‌ ചെറിയനാട്‌ 253 വോട്ട്‌ വീതം നേടി. എൽഡിഎഫിനാണ്‌ ഭരണം. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫ്‌ ഒമ്പത്‌, യുഡിഎഫ്‌, ബിജെപി രണ്ടുവീതം, സ്വതന്ത്രനും എസ്‌ഡിപിഐയും ഒന്നുവീതവുമാണ്‌ സീറ്റ്‌. Read on deshabhimani.com

Related News