ചുമട്ടുതൊഴിലാളി പണിമുടക്ക് വിജയിപ്പിക്കുക
ആലപ്പുഴ വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ അഞ്ചിന് ചുമട്ടുതൊഴിലാളികൾ നടത്തുന്ന പണിമുടക്കിന്റെ ജില്ലാ കൺവൻഷൻ ചേർന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചേർന്ന കൺവൻഷൻ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് കോശി അലക്‌സ് ഉദ്ഘാടനംചെയ്‌തു. ചുമട്ടുതൊഴിലാളി യൂണിയൻ ഐഎൻടിയുസി സംസ്ഥാന വൈസ്‌പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷനായി. കാലഹരണപ്പെട്ട ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസംകൂടാതെ വിതരണംചെയ്യുക, ഇഎസ്ഐ ആനുകൂല്യം നടപ്പാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, എൻഎഫ്എസ്എ, ബെവ്‌കോ തൊഴിലാളികളുടെ കയറ്റിറക്ക് കൂലി വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനവ്യാപകമായി അഞ്ചിന് പണിമുടക്കുന്നത്. പണിമുടക്ക് ദിവസം സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു തൊഴിലാളി സംഘടനകൾ കലക്‌ടറേറ്റിലേക്ക് സംയുക്ത മാർച്ചും ധർണയും സംഘടിപ്പിക്കും. മാർച്ച് ആലപ്പുഴ ഭട്ടതിരിപുരയിടത്തിൽനിന്ന് ആരംഭിക്കും. കൺവൻഷനിൽ എ പി പ്രകാശൻ, വി ബി അശോകൻ, എസ് രമേശൻ, പി തമ്പി, വി ടി രാജേഷ്, ആർ ശശിയപ്പൻ, ഫൈസൽ, ബിനീഷ് ബോയ്, പി യശോധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com