ഗുണമേന്മയോടെ ‘നേച്ചേഴ്സ് ഫ്രഷ്’

കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറികളും മറ്റ് കാർഷിക മൂല്യവർധിത 
ഉൽപ്പന്നങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ആരംഭിച്ച 
നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്‍ക്


  ആലപ്പുഴ  കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറികളും മറ്റ് കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ആരംഭിച്ച നേച്ചേഴ്സ് ഫ്രഷ് അഗ്രി കിയോസ്‌ക്‌ പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക്‌. ജില്ലയിലെ നാല്‌ കിയോസ്‌കിന്‌ പുറമേ ആറെണ്ണംകൂടി ഉടൻ പ്രവർത്തനമാരംഭിക്കും.  സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്‌. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ നേരിട്ട്‌ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളും ഇടനിലക്കാരില്ലാതെ കൂടുതൽ ജനങ്ങളിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം. രണ്ടാംഘട്ടമായി തകഴിയിൽ പദ്ധതി ആരംഭിച്ചു. കഞ്ഞിക്കുഴി, പെരുമ്പളം, അരൂക്കുറ്റി, പാലമേൽ, വെൺമണി, മുട്ടാർ എന്നിവിടങ്ങിൽ ഉടൻ കിയോസ്‌ക്കുകൾ തുടങ്ങും.  നിലവിൽ ചേന്നംപള്ളിപ്പുറം, ദേവികുളങ്ങര, വള്ളികുന്നം, തകഴി എന്നിവിടങ്ങളിലാണ്‌ കിയോസ്‌കുകൾ പ്രവർത്തിക്കുന്നത്‌.    കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായ കൂട്ടുത്തരവാദിത്ത കൃഷി സംഘം (ജെഎൽജി, -ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) അംഗങ്ങളുടെ ഉൽപ്പന്നങ്ങളാണ് കിയോസ്‌കുകളിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നത്. കുടുംബശ്രീ സിഡിഎസുകൾക്കാണ്‌ പ്രവർത്തനച്ചുമതല. ഒരു കിയോസ്‌കിന്‌ രണ്ടുലക്ഷം രൂപ കുടുംബശ്രീ നൽകും. സിഡിഎസുകൾ തെരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗമായിരിക്കും ജീവനക്കാരി. ഇവർക്ക്‌ ജില്ലാ മിഷൻ നൽകുന്ന 3600 രൂപയും കിയോസ്‌കിലെ ലാഭത്തിന്റെ മൂന്ന്‌ ശതമാനവും വരുമാനമായി നൽകും.    കുടുംബശ്രീയുടെ കർഷകസംഘങ്ങളിലെ വനിതാ കർഷകർ ഉൽപ്പാദിപ്പിക്കുന്ന വിളകൾക്ക്‌ മികച്ച വിപണനാവസരം ഇതിലൂടെ ലഭിക്കും. പച്ചക്കറിക്ക് പുറമെ മുട്ട, പാൽ, സൂക്ഷ്‌മ സംരംഭങ്ങളിലൂടെ നിർമിക്കുന്ന അച്ചാർ, മറ്റ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയും കിയോസ്‌കിൽ കിട്ടും. Read on deshabhimani.com

Related News