തീരപ്രദേശങ്ങളെ കള്ളക്കടലിൽനിന്ന് സംരക്ഷിക്കും: ജില്ലാ വികസന സമിതി
ആലപ്പുഴ ആറാട്ടുപുഴ, -തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളെ കടലാക്രമണ ഭീഷണിയിൽ നിന്നും സംരക്ഷിക്കാൻ വേണ്ട നടപടികൾ കലക്ടർ അലക്സ് വർഗീസ് അധ്യക്ഷനായി ചേർന്ന ജില്ലാ വികസന സമിതി യോഗം ചർച്ച ചെയ്തു. പുളിങ്കുന്ന് സബ് രജിസ്ട്രാർ ഓഫീസിന്റെ പേര് കുട്ടനാട് സബ് രജിസ്ട്രാർ ഓഫീസ് എന്നാക്കണമെന്ന് തോമസ് കെ തോമസ് എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. കരാറുകാർ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ കരാറുകാരുടെ സാമ്പത്തിക സ്ഥിതി ഉറപ്പുവരുത്തിയതിനുശേഷം പ്രവൃത്തികൾ അവാർഡ് ചെയ്യേണ്ടതുണ്ടെന്ന് യു പ്രതിഭ എംഎൽഎ അഭിപ്രായപ്പെട്ടു. അരൂക്കുറ്റി പഞ്ചായത്തിൽ ബോട്ട് ജെട്ടിക്ക് സമീപമുള്ള ആരോഗ്യ വകുപ്പിന്റെ സ്ഥലം ടൂറിസം വകുപ്പിന് കൈമാറി ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് ദലീമ എംഎൽഎ നിർദേശിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ യോഗം ചർച്ച ചെയ്തു. ഹരിപ്പാട് മണ്ഡലത്തിൽ ദേശീയ പാതയുടെ പണി നടക്കുന്നതിനാൽ കായംകുളം നഗരസഭ പരിധിയിൽ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസപ്പെടുന്നതായി നഗരസഭാധ്യക്ഷ അറിയിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com