ഹൃദയപൂർവം ഏഴാം വർഷത്തിലേക്ക്



വണ്ടാനം ഡിവെെഎഫ്ഐ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകുന്ന പൊതിച്ചോർ വിതരണം ‘ഹൃദയപൂർവം’ ഏഴാം വർഷത്തിലേക്ക്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2017 ജൂൺ മൂന്നിനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളള രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ജില്ലയിലെ വിവിധ ഏരിയ കമ്മിറ്റിക്കു കീഴിലെ 155 മേഖല കമ്മിറ്റികളാണ് ഓരോ ദിവസവും മുടക്കം കൂടാതെ പൊതിച്ചോറ് ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രി പരിസരം മാലിന്യമുക്തമാക്കാനും പ്ലാസ്റ്റിക് രഹിതമാക്കാനും വീടുകളിൽ നിന്ന് മേഖല കമ്മിറ്റി പ്രവർത്തകർ വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണമാണ് ശേഖരിക്കുന്നത്. ഭക്ഷണ വിതരണശേഷം രക്തദാനം നടത്തും. ഭക്ഷണ പൊതികൾ തിരികെ ശേഖരിച്ച് പ്രവർത്തകർ സംസ്കരിക്കും. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തുമുൾപ്പടെ 54,75,000 പൊതിച്ചോറുകളാണ് മുടക്കം കൂടാതെ ഇത്തരത്തിൽ വിതരണം ചെയ്തത്. മാവേലിക്കര തഴക്കര മേഖല കമ്മിറ്റിയാണ് ആറാം വാർഷിക ദിനത്തിൽ ഭക്ഷണമെത്തിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് വിതരണോദ്ഘാടനം നടത്തി. സിപിഐ എം തഴക്കര ലോക്കൽ കമ്മിറ്റി ഇതോടൊപ്പം പായസ വിതരണവും നടത്തി. ലോക്കൽ സെക്രട്ടറി എസ് ശ്രീകുമാർ ആശുപത്രി സൂപ്രണ്ടിന് പായസം കൈമാറി ഇതിന്റെ ഉദ്ഘാടനം നടത്തി. ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ രാഹുൽ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News