വയനാട്ടിലെ രക്ഷാപ്രവർത്തനം കേരള മാതൃക : എം എ ബേബി
സ്വന്തം ലേഖകൻ മാരാരിക്കുളം തുടർച്ചയായി നടക്കുന്ന ജീവൻ രക്ഷാപ്രവർത്തനമാണ് സാന്ത്വനപരിചരണം എന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവർത്തനവും സാന്ത്വനപരിചരണ പ്രവർത്തനവും പരസ്‌പരപൂരകങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാരാരിക്കുളത്തെ ജീവതാളം പാലിയേറ്റീവ് സൊസൈറ്റിയുടെ സി കെ ഭാസ്കരൻ സ്മാരക സംസ്ഥാന പാലിയേറ്റീവ് അവാർഡ് പാലക്കാട് തൃത്താല പ്രതീക്ഷ ചാരിറ്റബിൾ ട്രസ്‌റ്റിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.വയനാട് നടക്കുന്നത് രക്ഷാപ്രവർത്തനത്തിന്റെ കേരള മാതൃകയാണ്. സാന്ത്വനപരിചരണ പ്രവർത്തനം സമർപ്പിത മനസോടെ ഏറ്റെടുത്ത് കൊണ്ടുപോകേണ്ട ഒന്നാണ്. സാന്ത്വന പരിചരണത്തിൽ മാനസികമായ ചികിത്സകൂടി വേണം. ഡോക്ടർമാരായ രാജഗോപാൽ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് തുടങ്ങിയ സാന്ത്വനപരിചരണ പ്രവർത്തനം ഇന്ന് കേരളമെമ്പാടും വ്യാപിച്ചു. സാന്ത്വന പരിചരണ പ്രവർത്തനത്തിൽ സി കെ ഭാസ്കരന്റെ പങ്കും നിസ്തുലമാണ്. സി കെ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തെക്കൻ കേരളത്തിൽ ആദ്യമായി ഒരു പഞ്ചായത്ത് സാന്ത്വന പരിചരണപദ്ധതി ഏറ്റെടുത്തു നടപ്പാക്കിയത്. ഇടപെടുന്നവർക്കെല്ലാം ഒരു ഊന്നുവടിയായിരുന്നു സി കെ. ഏതു തലമുറയുടെയും ചിന്തയും പരിഭവങ്ങളും സി കെ യ്ക്ക് മനസിലാകുമായിരുന്നു. പൊതുപ്രവർത്തകർ സി കെ ഭാസ്കരനെപോലെ ആയിരിക്കണം–-എം എ ബേബി പറഞ്ഞു. Read on deshabhimani.com