കുട്ടനാട്‌ താലൂക്ക്‌ ഓഫീസ്‌ 
നിറയെ ‘പ്രൊഫണഷൽസ്‌’

കുട്ടനാട്‌ താലൂക്ക്‌ ഓഫീസിലെ പ്രൊഫഷണൽ ബിരുദധാരികൾ


വി കെ വേണുഗോപാൽ മങ്കൊമ്പ് കുട്ടനാട്‌ താലൂക്ക്‌ ഓഫീസിലെ ജീപ്പ്‌ ഡ്രൈവർ എം വി വിനേഷ്‌കുമാർ എയ്‌റോനോട്ടിക്കൽ എൻജിനിയറിങ്‌ ബിരുദധാരിയാണ്‌. വിമാനങ്ങൾ രൂപകൽപ്പന ചെയ്യേണ്ടയാൾ എന്തിനാണ്‌ ഇവിടെ ജീപ്പോടിച്ച്‌ നടക്കുന്നതെന്ന്‌ ചോദിച്ചാൽ മറുപടി ഇങ്ങനെ ‘‘എയ്റോനോട്ടിക്കൽ എൻജിനിയറിങ്‌ ഞാൻ ഒരുപാട് ആഗ്രഹിച്ച്‌ പഠിച്ചതാണ്. എന്നാൽ രാജ്യത്ത്‌ ഈ മേഖലയിൽ ജോലിസാധ്യത കുറവാണ്‌. ജോലി കിട്ടിയാൽത്തന്നെ പ്രതീക്ഷിക്കുന്ന ശമ്പളവുമില്ല. അങ്ങനെയാണ്‌ ഞാൻ പിഎസ്‌സി പരീക്ഷയെഴുതി ഡ്രൈവറായത്‌. കേരള സർക്കാർ ജോലിയിലെ സുരക്ഷിതത്വം മറ്റൊരു ജോലിക്കുമില്ല’’.   വിനേഷ്‌കുമാർ മാത്രമല്ല, ആയുർവേദ ഡോക്‌ടർ, എൻജിനിയറിങ്‌ ബിരുദ–ബിരുദാനന്തര ബിരുദധാരികൾ, ബിഎഡ്–-എംഎഡ്‌ യോഗ്യതയുള്ളവർ, എംഎ–-എംഎസ്‌സി റാങ്ക്‌ ജേതാക്കൾ.... എല്ലാവരെയും ഒരുമിച്ച്‌ കാണണമെങ്കിൽ കുട്ടനാട്‌ താലൂക്ക്‌ ഓഫീസിൽ എത്തിയാൽ മതി. യുവാക്കളായ പ്രൊഫഷണൽ ബിരുദധാരികളാൽ നിറയുകയാണ്‌ ഇവിടം. ഐടി പോലെ ഉയർന്ന ശമ്പളം ലഭിക്കുന്ന മേഖലയിലേക്ക്‌ പോകാതെ സർക്കാർ ജോലി തെരഞ്ഞെടുത്തിരിക്കുകയാണ്‌ ഇവർ.   ഇവരിൽ ഭൂരിഭാഗത്തിനും പ്രായം 25 വയസിനടുത്താണ്‌.    ക്ലർക്കുമാരിൽ ആർ രേഖമോൾ ആയുർവേദ ഡോക്‌ടറാണ്‌. ഒന്നരവർഷം സ്വകാര്യ ആശുപത്രിയിൽ രോഗികളെ ചികിത്സിച്ചശേഷമാണ്‌ സർക്കാർ ജോലിക്കാരിയായി താലൂക്ക്‌ ഓഫീസിന്റെ പടി കയറിയത്‌. സ്വകാര്യ ആശുപത്രികളിലെ ശമ്പളക്കുറവാണ്‌ രേഖാമോളെ സർക്കാർ സർവീസ്‌ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്‌.  സർക്കാർ ജോലിക്ക്‌ സുരക്ഷിതത്വമുണ്ടെന്നും കോവിഡ്‌ കാലത്ത്‌ ഇത്‌ ബോധ്യപ്പെട്ടതാണെന്നും രേഖാമോൾ പറയുന്നു.  ഇവരെക്കൂടാതെ എംഫിൽ നേടിയ റെജി, എംഎസ്‌സി റാങ്ക്‌ ജേതാവ്‌ അനിത, എംഎ റാങ്ക്‌ ജേതാവ്‌ ദേവി, ബി ടെക്കുകാരായ റമീസ്‌, ആകാശ്‌, സന്ദീപ്‌, ചിപ്പി, ജോസ്‌മി, അനൂപ്‌, സ്‌റ്റെഫി, ദിവ്യ, ബാസിത്‌, മണികണ്‌ഠൻ, എൽഎൽബി നേടിയ കുഞ്ഞുമോൻ, തരുൺ, ബിഎഡ്‌ നേടിയ ദേവി തുടങ്ങിയവർ കുട്ടനാട്‌ താലൂക്ക്‌  ഓഫീസിന്റെ  പ്രൊഫഷണൽ പെരുമയിൽ കണ്ണിചേരുന്നു. Read on deshabhimani.com

Related News