ഉയർന്നു, പൂവിളി... വിരിഞ്ഞു ബന്തിയും വാടാമുല്ലയും തുമ്പയും

കഞ്ഞിക്കുഴി മായിത്തറയിലെ ബന്തിത്തോട്ടത്തിൽ സുനിൽ ഫോട്ടോ: കെ എസ് ആനന്ദ്


 നെബിൻ കെ ആസാദ്‌ ആലപ്പുഴ മഞ്ഞ, ഓറഞ്ച്‌, സ്‌നോവൈറ്റ്‌ നിറങ്ങളിൽ ബന്തിപ്പൂക്കൾ, വാടാമുല്ലയും തൂവെള്ളത്തുമ്പയും... കഞ്ഞിക്കുഴി മായിത്തറയിലെ വി പി സുനിലിന്റെ പൂപ്പാടത്തിൽ ഓണപ്പൂക്കൾ ഇത്തവണയും തയ്യാർ. രണ്ടരയേക്കർ കൃഷിയിടത്തിൽ 30,000 തൈകളാണ്‌ പൂക്കളണിഞ്ഞ്‌ വിളവെടുപ്പിനൊരുങ്ങിയത്‌. സംസ്ഥാനത്തെ ഏറ്റവും വലിയ പൂപ്പാടങ്ങളിലൊന്നാണിത്‌.   വിവിധ സ്ഥലങ്ങളിൽനിന്ന്‌ ബുക്കിങ്‌ ആരംഭിച്ചു. കെഎസ്‌ആർടിസി പാർസൽ സൗകര്യം ഉപയോഗപ്പെടുത്താനാണ്‌ സുനിലിന്റെ ശ്രമം.   ഇപ്പോൾ ബന്തിപ്പൂവിന്‌ കിലോയ്‌ക്ക്‌ 120ഉം വാടാമുല്ലയ്‌ക്ക്‌ 300മാണ്‌ വില. ഓണദിനങ്ങളിൽ 200ലേക്കും 400ലേക്കും ഉയരും. പൂരാടത്തിനും ഉത്രാടത്തിനും ആറ്‌ നിറങ്ങളിൽ പൂക്കൾ 500ന്റെയും 300ന്റെയും കിറ്റുകളാക്കിയും വിൽക്കും. ചെറുകൃഷിക്കാരിൽനിന്ന്‌ പൂക്കൾ സ്വീകരിക്കാനും സുനിൽ തയ്യാറാണ്‌.   പെരുമ്പളത്തെ ശ്രീ അഗ്രിഫാമിൽനിന്നാണ്‌ ചെടികളെത്തിച്ചത്‌. ജൂലൈ അഞ്ചുമുതൽ തൈനട്ടു. 1,60,000 രൂപ മുടക്കി. കൃത്യമായ വളം, ജലസേചനം, പരിചരണം അടങ്ങുന്ന കൃഷിരീതി. വെള്ളമെത്തിക്കാൻ ഷീറ്റിനടിയിലൂടെ പൈപ്പിട്ടുണ്ട്‌. കോഴിവളവും വേപ്പിൻ പിണ്ണാക്കുമാണ്‌ ഉപയോഗിക്കുന്നത്‌. തരിശിടാത്ത കൃഷിരീതി. ഒക്‌ടോബറിൽ തണ്ണിമത്തൻ കൃഷി തുടങ്ങും. ജനുവരിയിൽ കണിവെള്ളരി. വിഷുവിന്‌ ശേഷം പച്ചക്കറി. പിന്നെ പൂകൃഷി.    "കഴിഞ്ഞ തവണ ഉത്രാടത്തിന്‌ രാവിലെതന്നെ പൂക്കൾ വിറ്റുതീർന്നു. വിപണി ഉറപ്പാക്കിയ ശേഷമേ കൃഷിയിറക്കാവൂ...ഓണം കഴിഞ്ഞും പൂക്കൾ ബാക്കിയായാൽ ആരും എടുക്കില്ല,  ഒറ്റ വിളവെടുപ്പിന്‌ കണക്കാക്കി കൃഷി ചെയ്യണം' –- സുനിൽ പറഞ്ഞു. 2018ൽ കൃഷിവകുപ്പിന്റെ മികച്ച ജില്ലാ കർഷക പുരസ്‌കാരവും 2019ൽ അക്ഷയശ്രീ പുരസ്‌കാരവും ലഭിച്ചു. ഭാര്യ റോഷ്‌നിയും മക്കളായ കൃഷ്‌ണവും കൃത്തിക്കും അടങ്ങുന്നതാണ്‌ മായിത്തറ വടക്കേതയ്യിൽ വി പി സുനിലിന്റെ കുടുംബം. Read on deshabhimani.com

Related News