അന്തിമതീരുമാനം വിശദമായ പരിശോധനയ്ക്കുശേഷം



  ആലപ്പുഴ ഈ വർഷത്തെ നെഹ്റു ട്രോഫി ജലമേള മത്സരഫലം സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതിയിൽ അന്തിമതീരുമാനം വിശദമായ പരിശോധനയ്ക്കുശേഷം എടുക്കുമെന്ന് എൻടിബിആർ സൊസൈറ്റി ചെയർമാനായ കലക്ടർ അലക്സ് വർഗീസ് അറിയിച്ചു. പരാതികൾ പരിഗണിക്കാൻ എൻടിബിആർ 2024 ജൂറി ഓഫ് അപ്പീൽ കലക്ടറേറ്റിൽ യോഗം ചേർന്നു. അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം, ജില്ലാ ഗവൺമെന്റ്‌ പ്ലീഡർ അഡ്വ. വേണു, ജില്ലാ ലോ ഓഫീസർ അഡ്വ. അനിൽകുമാർ, എൻടിബിആർ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ  സി കെ സദാശിവൻ, ചുണ്ടൻ വള്ളം ഉടമ അസോസിയേഷൻ പ്രസിഡന്റ്‌ ആർ കെ കുറുപ്പ് എന്നിവർ പങ്കെടുത്തു. ജൂറി ഓഫ് അപ്പീൽ യോഗത്തിൽ പരാതികക്ഷികളെയും ബന്ധപ്പെട്ടവരെയും നേരിൽ കേട്ടു. പരാതിക്കാരായ വില്ലേജ് ബോട്ട് ക്ലബ് പുതിയ വാദമുഖങ്ങൾ ഉയർത്തിയിട്ടുള്ള സാഹചര്യത്തിലും കുമരകം ടൗൺ ബോട്ട് ക്ലബ് ചില രേഖകൾ സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിലും വിഷയത്തിൽ വിശദമായ പരിശോധന വേണമെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്കു ശേഷം തീരുമാനം അറിയിക്കുമെന്ന്  കലക്ടർ പറഞ്ഞു.   വാദങ്ങളാവർത്തിച്ച്‌, 
തെളിവുകൾ ഹാജരാക്കി 
ബോട്ട്‌ ക്ലബ്ബുകൾ ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളി ഫൈനൽ വിവാദങ്ങളുമായി ബന്ധപ്പെട്ട്‌ കലക്ടർ വിളിച്ച യോഗത്തിൽ തെളിവുകൾ ഹാജരാക്കിയും വാദങ്ങളാവർത്തിച്ചും ബോട്ട്‌ ക്ലബ്ബുകൾ. നടുഭാഗം ചുണ്ടൻ ഫൈനലിനായി വള്ളംപിടിച്ച സമയം ട്രാക്കിലേക്ക്‌ അധികൃതരുടെ ബോട്ട് വന്നു, അതുമാറ്റണമെന്ന്‌ തുഴച്ചിൽക്കാർ ആവശ്യപ്പെട്ടു, തുഴപൊക്കി മുന്നിൽ അപകടമുണ്ടെന്ന്‌ കാണിച്ചപ്പോൾ മത്സരം തുടങ്ങി, സ്‌റ്റാർട്ടിങ് പോയിന്റിൽ വള്ളങ്ങളുടെ അമരത്ത് ഘടിപ്പിച്ചിരുന്ന പൂട്ട്‌ ഒരു സെക്കൻഡ്‌ വൈകിയാണ് വിട്ടത്‌ തുടങ്ങിയ വാദങ്ങളായിരുന്നു കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബിന്റെയും നടുഭാഗം ചുണ്ടൻ വള്ള സമിതിയിയുടെയും ആരോപണങ്ങൾ. ഇതുമായി ബന്ധപ്പെട്ട തെളിവുകളടങ്ങിയ ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി ജൂറി ഓഫ്‌ അപ്പീലിന്‌ കൈമാറി. മത്സരത്തിന്റെ ഫിനിഷിങ്ങുമായി ബന്ധപ്പെട്ട്‌ വിബിസി കൈനകരിയും വീയപുരം ചുണ്ടൻ വള്ളസമിതിയും ഉന്നയിച്ച കാര്യങ്ങൾ യോഗത്തിൽ വീണ്ടുമാവർത്തിച്ചു. അനുകൂലമായ നിലപാടുണ്ടായില്ലെങ്കിൽ നിയമ നടപടി തേടുമെന്ന്‌ ഇരു ക്ലബ്ബുകളുടെയും പ്രതിനിധികൾ അറിയിച്ചു. കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബിനായി സെക്രട്ടറി രാജേഷ്‌ കെ തോമസ്‌, ട്രഷറർ അരുൺ ശശിധരൻ, നടുഭാഗം വള്ള സമിതിക്കായി ജോണി, സഹ പരിശീലകനായ റോച്ച തുടങ്ങിയവരും വിബിസി കൈനകരിക്കായി ക്യാപ്‌റ്റൻ മാത്യു പൗലോ, സെക്രട്ടറി സജു സെബാസ്‌റ്റ്യൻ, ജോയിന്റ്‌ സെക്രട്ടറി അഖിൽ, വീയപുരം വള്ള സമിതി  വെെസ്‌ പ്രസിഡന്റ്‌ ബി ജി ഗഗേഷ്‌ തുടങ്ങിയവർ ഹാജരായി. Read on deshabhimani.com

Related News