നോവിന്റെ കടലാഴങ്ങളിലും കനിവോടെ കാത്തിരിപ്പ്‌



അമ്പലപ്പുഴ ഉറ്റവരെ കണ്ണീരിലാഴ്‌ത്തി കപ്പലിൽനിന്ന് കാണാതായ വിഷ്‌ണുവിന്റെ തിങ്കളാഴ്‌ച 25 വയസ്സാകും. പിറന്നാൾദിനം പറവൂർ മരിയാഭവൻ അന്തേവാസികൾക്ക് ബന്ധുക്കൾ ഉച്ചഭക്ഷണം നൽകും.  ജൂലൈ 18ന്‌ ഒഡീഷയിൽനിന്ന്‌ ചൈനയിലെ പാരദ്വീപിലേക്ക്‌ പോയ കപ്പലിൽനിന്നാണ്‌ പുന്നപ്ര വടക്ക്‌ 10–-ാം വാർഡ്‌ വൃന്ദാവനത്തിൽ വിഷ്‌ണു ബാബുവിനെ കാണാതായത്‌. ഒപ്പം ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശി അറുമുഖന്റെ ഫോണിൽനിന്ന്  17ന് രാത്രി വിഷ്‌ണു വീട്ടിലേക്ക് വിളിച്ചിരുന്നു. അടുത്തദിവസം രാവിലെ സെക്കൻഡ്‌ ക്യാപ്റ്റൻ കപ്പലിൽ വിളിച്ചുചേർത്ത മീറ്റിങ്ങിൽ എത്താത്തതിനാലാണ്‌ വിഷ്‌ണുവിനെ കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. യാത്രാമധ്യേ സിങ്കപ്പുർ പോർട്ടിൽ ഇന്ധനം നിറയ്‌ക്കാൻ പോകുമ്പോഴാണ് വിഷ്‌ണുവിനെ കാണാതായത്.  സിംഗപ്പുർ പൊലീസ് കപ്പൽ കസ്‌റ്റഡിയിലെടുത്ത്‌ വിഷ്‌ണുവിന്റെ ഫോൺ ഉൾപ്പെടെ പരിശോധിച്ചു. സഹപ്രവർത്തകരെ ചോദ്യംചെയ്‌തു. മലേഷ്യൻ മറൈൻ എൻഫോഴ്‌സ്‌മെന്റ്‌ ഏജൻസി വിഷ്‌ണുവിനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിഷ്‌ണുവിന്റെ ഫോണും വസ്‌ത്രങ്ങൾ ഉൾപ്പടെ സാധനങ്ങളും വീട്ടിലെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും  ഇതുവരെ കിട്ടിയിട്ടില്ലെന്ന്‌ ബന്ധുക്കൾ പറഞ്ഞു.  വിഷ്‌ണു ഉൾപ്പെടെ 19 പേർ ചെന്നൈ മറൈൻ ഏജൻസിയായ ഡെൻസായി മറൈൻ കാർഗോ ഷിപ്പിങ്ങിന്റെ കപ്പലിൽ ഉണ്ടായിരുന്നു.   Read on deshabhimani.com

Related News