സായാഹ്നത്തിന്റെ സ്വപ്‍നമാവാൻ ബൊട്ടാണിക്കൽ പാർക്ക്
ആലപ്പുഴ കയറിനെ ചേർത്തുപിടിച്ച തൊഴിലാളികളുടെ പാരമ്പര്യം പകരാൻ റാക്കിൽ കയറുപിരിക്കുന്ന സ്‌ത്രീയുടെ ശിൽപ്പം, ആലപ്പുഴയുടെ വള്ളംകളി പെരുമയുടെ കഥ പറഞ്ഞ് ചുണ്ടൻ വള്ളത്തിന്റെ ഫൈബർ മാതൃക, കായലോരത്തിന്റെ തലയെടുപ്പായി മത്സ്യകന്യക, മരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ, പുൽത്തകിടിയിൽ ബുദ്ധന്റെ പ്രതിമയും കൽവിളക്കുകളും. ആലപ്പുഴയ്‌ക്ക് വൈകുന്നേരങ്ങൾ ആസ്വദിക്കാൻ കയർഫെഡ് ഒരുക്കിയ ബൊട്ടാണിക്കൽ പാർക്ക് നാടിന്റെ ഹൃദയം കവരുമെന്ന് ഉറപ്പാണ്. നഗരഹൃദയത്തിൽ നോർത്ത് പൊലീസ് സ്റ്റേഷൻ മുതൽ വെള്ളാപ്പള്ളിപാലം വരെ കനാൽ സൗന്ദര്യവും പ്രകൃതിഭംഗിയും നിലനിർത്തിയുള്ളതാണ് നിർമിതി. പ്ലാവ്, മാവ്, പേര അടക്കമുള്ള 60,000 രൂപയുടെ ഫലവൃക്ഷത്തെെകളാണ് വരുംതലമുറയ്‌ക്ക് വിരുന്നൊരുക്കാൻ കനാൽ കരയിൽ വളർന്നുതുടങ്ങുന്നത്. 12ലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കിയ പാർക്കിന്റെ പരിപാലനവും സംരക്ഷണവും കയർഫെഡിന്റെ നേതൃത്വത്തിലാണ്. വിശ്രമിക്കാനെത്തുന്നവർക്ക് പുൽത്തകിടിയിലിരുന്ന് കനാൽ കാഴ്ചകൾ ആസ്വദിക്കാം. വൈകുന്നേരങ്ങൾ കൂടുതൽ മനോഹരമാകാൻ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിൽ ഇരച്ചെത്തുന്ന കല്ലും മണ്ണും ജനങ്ങളുടെ കൂട്ടായ്മയിൽ താങ്ങിനിർത്തുന്ന വയനാട് ദുരന്തസ്മാരകവും ആകർഷമാണ്. അന്തരിച്ച തൊഴിലാളി നേതാവ് ആനത്തലവട്ടം ആനന്ദന്റെ സ്മരണപുതുക്കി വായനാകേന്ദ്രവും ഇവിടെയുണ്ട്. മുസിരിസ് കനാൽ പൈതൃക പദ്ധതിയിൽ നഗരത്തിലെ വാടക്കനാലിന്റെയും കമേഷ്യൽ കനാലിന്റയും ഓരങ്ങൾ സൗന്ദര്യവൽക്കരിക്കുന്നുണ്ട്. Read on deshabhimani.com