3 പ്രതികൾ പിടിയിൽ
ചേർത്തല വാരനാട് ആർഎസ്‌എസുകാർ തമ്മിലെ സായുധ ഏറ്റുമുട്ടലിൽ മൂന്നുപേർ പൊലീസ് പിടിയിൽ. വീടുകയറി ആക്രമണത്തിന് എത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് പിടിയിലായത്. തിങ്കൾ പകൽ രണ്ടരയോടെ വാരനാട് ക്ഷേത്രത്തിന് പടിഞ്ഞാറ് പിഷാരത്ത് വീട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ വയോധികയും മക്കളും ഉൾപ്പെടെ നാലുപേർക്കും വീടാക്രമണത്തിന് എത്തിയ സംഘത്തിലെ 17 വയസുകാരനുൾപ്പെടെ രണ്ടുപേർക്കും വെട്ടേറ്റിരുന്നു. ഏറ്റമുട്ടലിനിടെ ഓടിരക്ഷപ്പെട്ടവരെയാണ് രാത്രി ചേർത്തല പൊലീസ് പിടികൂടിയത്. വാരനാട് മഞ്ചാടിക്കരി രാംരാജ്(19), കാക്കരവെളി ഗോകുൽ(22), ചേർത്തല സ്വദേശിയായ 17 വയസുകാരനുമാണ് പിടിയിലായത്. ഇവരിൽ രണ്ടുപേർ അക്രമിസംഘത്തിലുള്ളവരും ഒരാൾ വാഹനം തരപ്പെടുത്തി നൽകിയ ആളുമാണ്. പ്രായപൂർത്തിയാകാത്ത രണ്ടുപേരുൾപ്പെടെയാണ് ആയുധങ്ങളുമായി വീടാക്രമണത്തിന് എത്തിയതെന്ന് ഇതോടെ വ്യക്തമായി. വീടുകയറി ആക്രമിച്ചതിനും വധശ്രമത്തിനുമാണ് അഞ്ചുപേർക്ക് എതിരെ കേസെടുത്തത്. അക്രമിസംഘത്തിലെ രണ്ടുപേരെ വീട്ടിൽ പൂട്ടിയിട്ട് ആക്രമിച്ചതിന് സഹോദരങ്ങളായ മൂന്നുപേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഇരുകേസുകളിലുമായി എട്ടുപേരാണ് പ്രതികൾ. സംഭവത്തിൽ ഗൃഹനാഥ ആനന്ദവല്ലി(65), മക്കളായ സുധിരാജ്(42), ആനന്ദരാജ്(40), അജയ് രാജ്(36) എന്നിവർക്ക് പരിക്കേറ്റു. വീടുകയറി ആക്രമിക്കാനെത്തിയ ചെങ്ങണ്ട പുതുവൽനികർത്ത് അഭിമന്യു(23), ചെങ്ങണ്ട സ്വദേശിയായ 17 വയസുകാരനും പരിക്കേറ്റു. ചേർത്തല സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ജി അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. Read on deshabhimani.com