വാടകയ്‌ക്കെടുക്കുന്ന കാറുകൾ 
പണയംവച്ച് തട്ടിപ്പ്‌: മുഖ്യപ്രതി അറസ്‌റ്റിൽ

ബിജു


ചെങ്ങന്നൂർ ആളുകളില്‍നിന്ന്‌ കാറുകള്‍ സ്വകാര്യ ഓട്ടത്തിനായി വാടകയ്‌ക്കെടുത്ത്‌ മറ്റ്‌ സ്ഥലങ്ങളിലെത്തിച്ച് പണയംവച്ച് പണംതട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി അറസ്‌റ്റിൽ. വള്ളികുന്നം കടുവിനാല്‍ ബിജുഭവനത്തിൽ ബിജുവിനെ (41) യാണ്‌ ചെങ്ങന്നൂർ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. പാണ്ടനാട് പ്രയാര്‍ സ്വദേശിയുടെ മാരുതി സുസുക്കി വാഗണർ കാര്‍ പണയംവച്ച് പണം തട്ടിയെടുത്തതിനാണ് അറസ്‌റ്റ്‌. സംഘത്തിലെ മറ്റ്‌ രണ്ട്‌ പ്രതികളായ കരുനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശി അൻസർ, താമരക്കുളം സ്വദേശി തൻസീ‍ർ എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.     ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍നിന്ന്‌ നാല്‌ വാഹനങ്ങള്‍ സംഘം കബളിപ്പിച്ചെടുത്ത്‌ കൊണ്ടുപോയിട്ടുണ്ട്. ആലപ്പുഴ നോര്‍ത്ത്, കൊല്ലം കിളികൊല്ലൂര്‍, അഞ്ചൽ, പത്തനംതിട്ട സ്‌റ്റേഷനുകളിൽ സംഘത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്.  കുറഞ്ഞ മാസവാടകയ്‌ക്ക്‌ വാഹനം വാടകയ്‌ക്കെടുത്ത് കൂടുതല്‍ വാടക വാങ്ങി മറിച്ചുകൊടുക്കുന്ന ആളുകളിൽനിന്നാണ് പണം തട്ടിയെടുക്കുന്നത്. വാഹന ഉടമ വാടക ചോദിക്കുമ്പോള്‍ വാഹനം ചില ക്രിമിനലുകളുടെ കൈയിലകപ്പെട്ടിരിക്കുകയാണെന്നും അത് മോചിപ്പിച്ചെടുക്കാന്‍ അങ്ങോട്ട് പണം കൊടുക്കണമെന്നും പറഞ്ഞ് ഉടമകളെ ഭയപ്പെടുത്തി പണം തട്ടിയെടുക്കുന്ന രീതിയും ഇവര്‍ക്കുണ്ട്.    ചെങ്ങന്നൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും  എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്. റാക്കറ്റിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുന്നതായി ചെങ്ങന്നൂര്‍ ‍ഡിവൈഎസ്‌പി ബിനുകുമാര്‍ പറ‍ഞ്ഞു. പ്രതിയെ റിമാന്‍ഡുചെയ്‌തു. Read on deshabhimani.com

Related News