മകളുടെ പോരാട്ടവീര്യത്തിന്‌ കണ്ണീർച്ചിരിയുടെ സലാം

ഹാഷിറ ഹാരിസ്‌


  ആലപ്പുഴ മകളെ കാണാൻ കായംകുളം വനിതാ പോളിടെക്‌നിക്കിലേക്ക്‌ കയറുമ്പോൾ ആഹ്ലാദം നിറച്ച നിറമിഴികൾ ഹാരിസിന്റെ കാഴ്‌ച മറച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ വിജയമറിഞ്ഞ്‌ ഓടിയെത്തിയ ഓട്ടോഡ്രൈവറായ വാപ്പയെയും ഉമ്മയെയും കണ്ടതോടെ ഹാഷിറയുടെയും കണ്ണുനിറഞ്ഞു. മകളെ ചേർത്തുപിടിച്ച്‌ മാതാപിതാക്കളുടെ സ്‌നേഹാഭിവാദ്യം. മുദ്രാവാക്യം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഹാരമണിയിച്ച്‌ ഹാരിസ്‌ മകളെ ആശ്ലേഷിച്ചു. കഴിഞ്ഞതവണ എസ്‌എഫ്‌ഐക്ക്‌ നഷ്‌ടപ്പെട്ട യൂണിയൻ ചെയർപേഴ്‌സൺ സീറ്റ്‌ വൻ ഭൂരിപക്ഷത്തിൽ വീണ്ടെടുത്ത മകളുടെ കവിളിൽ വാപ്പയുടെ സ്‌നേഹമുത്തം.    കഴിഞ്ഞതവണ ഏഴ്‌ വോട്ടിന്‌ നഷ്‌ടമായ ചെയർപേഴ്‌സൺ സീറ്റ്‌ 189 വോട്ടുകൾക്ക്‌ തിരിച്ചുപിടിച്ച കായംകുളം കൊറ്റുകുളങ്ങര തയ്യിൽപുത്തൻവീട്ടിൽ ഹാഷിറ ഹാരിസാണ്‌ മാതാപിതാക്കളുടെ സ്‌നേഹമേറ്റുവാങ്ങിയത്‌.  മൂന്നാംവർഷ വിദ്യാർഥിയാണ്‌ ഹാഷിറ. 305 പേർ വോട്ടുചെയ്‌ത തെരഞ്ഞെടുപ്പിൽ 247 വോട്ട്‌ നേടിയാണീ മിടുക്കിയുടെ വിജയം. ആറുസീറ്റിലും എസ്‌എഫ്‌ഐ വൻ ജയം നേടി. ‘സംഘടനയുടെ ഉറച്ച വിദ്യാർഥിപക്ഷ നിലപാടുകളാണ്‌  കരുത്തായത്‌’   –- ഹാഷിറ പറഞ്ഞു.    കായംകുളം മേടമുക്ക്‌ സ്‌റ്റാൻഡിലെ ഓട്ടോഡ്രൈവറായ ഹാരിസ്‌ വീട്ടിൽ തെരഞ്ഞെടുപ്പ്‌ ഫലം കാത്തിരിക്കുകയായിരുന്നു. ഫലം വന്നപ്പോൾ ഹാഷിറ വിളിച്ചെങ്കിലും ഫോണിലെ സാങ്കേതിക തകരാറുമൂലം സംസാരിക്കാൻ കഴിഞ്ഞില്ല. അതോടെ ഓട്ടോയുമായി പോളിയിലേക്ക്‌ തിരിച്ചു. ഉമ്മ റഷീദയും കൂടെകൂടി. കാമ്പസിൽ എത്തിയതോടെയാണ്‌ വൈകാരിക രംഗങ്ങൾ. മകളുടെ വിജയം ഏറെ അഭിമാനം നൽകിയതായി ഹാരിസും റഷീദയും ദേശാഭിമാനിയോട്‌ പറഞ്ഞു. വിദ്യാർഥികൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്നുറപ്പിച്ച്‌ ചെയർപേഴ്‌സൺ ചുമതല ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ്‌ ഹാഷിറ. Read on deshabhimani.com

Related News