പൈതൃക പദ്ധതി വ്യവസായത്തിന്റെ പരിച്ഛേദമാകും
ആലപ്പുഴ നഗരത്തിലെ പൈതൃകങ്ങൾ സംരക്ഷിച്ച് ജനങ്ങൾക്ക് അനുഭവവേദ്യമാക്കുന്ന രീതിയിലാകും ആലപ്പുഴ പൈതൃക പദ്ധതി നടപ്പാക്കുകയെന്ന് കയർ കേരളയോടനുബന്ധിച്ച് നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. ആലപ്പുഴയിലെ കയർ ഫാക്‌ടറികളെയും കയർ വ്യവസായവുമായി ബന്ധപ്പെട്ട പരമ്പരാഗത ഉപകരണങ്ങളേയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന പദ്ധതി കയർ വ്യവസായത്തിന്റെ പരിച്ഛേദമാകും. കയറുമായി ബന്ധപ്പെടുത്തി ആലപ്പുഴയുടെ ചരിത്രം വ്യക്തമാക്കുന്ന മൂന്ന് മ്യൂസിയങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. കയറും സുഗന്ധവ്യഞ്‌ജനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ പാരമ്പര്യവും തമ്മിലുള്ള ബന്ധം വിളിച്ചോതുന്ന സമഗ്രവിവരങ്ങളാണ് മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് മുസിരിസ് പദ്ധതിയുടെ എംഡി പി എം നൗഷാദ് പറഞ്ഞു. ക്യൂറേറ്റർമാരില്ലാതെ മൂന്ന് മ്യൂസിയങ്ങളും മുസിരിസ് മാതൃകയിലാണ് ആവിഷ്‌കരിക്കുന്നത്. നഗരത്തിൽ ചില പൈതൃകമന്ദിരങ്ങൾ ഇന്നും നിലനിൽക്കുന്നു. അവയുടെ പഴമ നിലനിർത്തിയുള്ള വികസനം അനിവാര്യമാണ്. വാണിജ്യ തുറമുഖമായിരുന്ന ആലപ്പുഴ കാലാന്തരത്തിൽ കൊച്ചിയുടെ അനുബന്ധമായി. വളരെ ആസൂത്രിത പട്ടണമെന്ന് ഖ്യാതിയുള്ള ആലപ്പുഴ മാതൃക ഡച്ച് സംഘം പഠനവിഷയമാക്കിയിരുന്നതായും സെമിനാർ ചൂണ്ടിക്കാട്ടി. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്‌റ്റഡീസ് ഓഫ് കോസ്‌റ്റൽ കേരള ചെയർമാൻ പ്രൊഫ. കേശവൻ വെള്ളുത്താട്ട് ആയിരുന്നു പാനൽ ചെയർമാൻ. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ. മൈക്കിൾ തരകൻ മോഡറേറ്ററായി. കെ ആർ നായരായൺ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്ട് പ്രൊഫ. ഫൗസിയ ഫാത്തിമ, ന്യു മോഡൽ മാറ്റ്‌സ് ആൻഡ് മാറ്റിങ്സ് സഹകരണസംഘം ചെയർമാൻ ആർ സുരേഷ്, കയർ കോർപറേഷൻ എംഡി ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com