ആലപ്പുഴ ആർഎംഎസിനും മരണമണി

ആലപ്പുഴ ആർഎംഎസ് ഓഫീസ്


ആലപ്പുഴ കായംകുളത്തിനൊപ്പം ആലപ്പുഴയിലും ആർഎംഎസ്‌ ഓഫീസ്‌ നിർത്താൻ തപാൽവകുപ്പിന്റെ നീക്കം. ഡിസംബർ ഏഴിന് മുമ്പ്‌ പ്രവർത്തനം അവസാനിപ്പിക്കാനാണ്‌ നടപടി.  അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിലെ നൂറ്റമ്പതോളം പോസ്‌റ്റ്‌ ഓഫീസിലെ തപാൽ ഉരുപ്പടികളുടെ തരംതിരിക്കലും വിതരണവും  ആലപ്പുഴ ആർഎംഎസ് വഴിയാണ്. വൈകിട്ട് അഞ്ചിന് ശേഷം സ്‌പീഡ് പോസ്‌റ്റ്‌, പാഴ്സൽ, രജിസ്‌റ്റേർഡ് ഉരുപ്പടികളുടെ ബുക്കിങ്ങിന് ജനങ്ങൾ ആലപ്പുഴ ആർഎംഎസിനെയാണ് ആശ്രയിച്ചിരുന്നത്. ഓഫീസ്‌ നിർത്തിയാൽ ജില്ലയിലെ തപാൽവിതരണം താളംതെറ്റും.  സ്‌പീഡ് പോസ്‌റ്റ്‌, പാഴ്‌സൽ എന്നിവ തരംതിരിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഒരുക്കി ആലപ്പുഴ ആർഎംഎസ് കൈകാര്യം ചെയ്‌തിരുന്ന ഉരുപ്പടികൾ എറണാകുളത്തെ സോർട്ടിങ് ഹബ്ബിലേക്ക് മാറ്റിയിരുന്നു. ഇതിനാൽ തപാൽ ഉരുപ്പടികൾ ജനങ്ങൾക്ക്‌ ലഭിക്കാൻ ഇപ്പോൾതന്നെ കാലതാമസം നേരിടുന്നുണ്ട്‌. തിരുവനന്തപുരംമുതൽ എറണാകുളംവരെയുള്ള  ജില്ലകളിൽ സോർട്ടിങ് ഹബ്ബുകൾ അനുവദിച്ചെങ്കിലും ആലപ്പുഴയെ ഒഴിവാക്കി.  ഓഫീസ് അധികാരികളും ജീവനക്കാരുടെ സംഘടനയായ എൻഎഫ്പിഇയും  ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. 36 സ്ഥിരം ജീവനക്കാരും 10 താൽക്കാലിക ജീവനക്കാരും ആലപ്പുഴ ആർഎംഎസിൽ ജോലിചെയ്യുന്നു. ഓഫീസ് നിർത്തുന്നതോടെ മുഴുവൻ താൽക്കാലിക ജീവനക്കാരും തൊഴിൽരഹിതരാകും. സ്ഥിരം ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റും. ഇതോടെ മുഴുവൻ പോസ്‌റ്റ്‌ ഓഫീസുകളിലും തപാൽവിതരണം അടിമുടി താളംതെറ്റും. ജീവനക്കാരെയും ജനങ്ങളെയും ദോഷകരമായി ബാധിക്കുന്ന നടപടിക്കെതിരെ ജനപ്രതിനിധികൾ ഇടപെടണമെന്ന്  ആർഎംഎസ് ജീവനക്കാർ  ആവശ്യപ്പെട്ടു. തപാൽവിതരണം കാര്യക്ഷമമാക്കുന്നതിന്   ആലപ്പുഴയിൽ ഇൻട്രാ സോർട്ടിങ് ഹബ്‌ തുടങ്ങേണ്ടത് അത്യാവശ്യമാണ്.  ഇതിന്‌ അനുയോജ്യമായ ഓഫീസ് കെട്ടിടമാണ് റെയിൽവേ സ്‌റ്റേഷനിലുള്ളത്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യവും പാർക്കിങ്‌ സൗകര്യവും ഇവിടെയാണ്‌.   Read on deshabhimani.com

Related News