വിശന്നുവലയേണ്ട, ഇവിടെയുണ്ട് അക്ഷയപാത്രം
ചേർത്തല നഗരത്തിൽ അന്നത്തിന് വകയില്ലാതെ ക്ലേശിക്കുന്നവർ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ അക്ഷയപാത്രവുമായി ചേർത്തല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. വിശപ്പുരഹിത ചേർത്തലയാണ് സംരംഭത്തിന്റെ അന്തിമലക്ഷ്യം. അന്തരിച്ച മുൻ പ്രഥമാധ്യാപകൻ ബാബുവിന്റെ ഓർമയ്‌ക്കായാണ് പദ്ധതി. പ്രവൃത്തിദിനങ്ങളിൽ കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതി സ്‌കൂളിനുമുന്നിൽ പ്രത്യേകം തയ്യാറാക്കിയ അലമാരയിലൂടെ അർഹർക്ക് ലഭ്യമാക്കും. പ്രവൃത്തിദിവസം പകൽ 12ന് 25 ഭക്ഷണപ്പൊതി അലമാരയിൽ നിക്ഷേപിക്കും. പണംകൊടുത്ത് ഭക്ഷണം വാങ്ങാനാകാത്തവർക്ക് എടുത്ത് കഴിക്കാം. കുട്ടികളിൽ കാരുണ്യ മനോഭാവം വളർത്തുകയും പദ്ധതിയുടെ ലക്ഷ്യമാണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്‌ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് പി ടി സതീശൻ അധ്യക്ഷനായി. നഗരസഭാ വൈസ്‌ചെയർമാൻ ടി എസ് അജയകുമാർ, എസ്‌എംസി ചെയർമാൻ മുരുകൻ, സീനിയർ അസി. ഷാജി മഞ്‌ജരി എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ബിന്ദു സ്വാഗതവും സ്‌റ്റാഫ് സെക്രട്ടറി സുരേഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com