സർക്കാർ തുണച്ചു; 
ഫിഷ് ‌കാരവന്‍ വീണ്ടും ഓടിത്തുടങ്ങും

ഫിഷ് കാരവന്‌ മുന്നില്‍ സൂരജ് നാരായണനും സീഗള്‍സ് ജീവനക്കാരും


മാവേലിക്കര തിരിച്ചടികളിൽ തളരാതെ മുന്നോട്ട്‌ പോവുകയാണ്‌   യുവസംരംഭകന്‍ സൂരജ് നാരായണന്‍. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതമൂലം അടച്ചുപൂട്ടേണ്ടി വന്ന മത്സ്യവ്യാപാര സ്ഥാപനം സംസ്ഥാന സർക്കാർ പിന്തുണയുടെ കരുത്തിൽ പുനരാരംഭിച്ചു. സ്വകാര്യമേഖലയിലെ സംസ്ഥാനത്തെ ആദ്യ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനം (ഫിഷ്‌കാരവന്‍) വീണ്ടും ഓടിത്തുടങ്ങുകയാണ്‌.   2017ല്‍ ചെങ്ങന്നൂരിലെ ചെറിയനാട് കേന്ദ്രീകരിച്ച് സീഗള്‍സ് എന്ന പേരിലായിരുന്നു ആധുനിക വിഷരഹിത മത്സ്യവിപണന കേന്ദ്രം സൂരജ് തുടങ്ങിയത്. തുടര്‍ന്നാണ് ആധുനിക സംവിധാനങ്ങളോടെ ഫിഷ്‌കാരവന്‍ പുറത്തിറക്കുന്നത്‌.  ജില്ലയിലെ വിഷരഹിത മത്സ്യവിപണി എന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനത്തിന്റെയും കാരവന്റെയും പ്രവര്‍ത്തനം സാമ്പത്തിക ബാധ്യത വന്നതോടെ 2021ല്‍ നിലച്ചു. ഒപ്പമുണ്ടായിരുന്നവരെല്ലാം ഉപേക്ഷിച്ചു. വാഹനങ്ങള്‍ വില്‍ക്കേണ്ടി വന്നു. ബാങ്കില്‍ വായ്‌പ കുടിശ്ശികയായതോടെ വീട് ജപ്തിഭീഷിണിയിലായി. ഫിഷറീസ്, വ്യവസായ വകുപ്പുകളുടെയും തെക്കേക്കര പഞ്ചായത്തിന്റെയും പിന്തുണയില്‍  കുറത്തികാട് മാര്‍ക്കറ്റിനുള്ളില്‍ ഫിഷറീസിന്റെ ജില്ലയിലെ ആദ്യത്തെ ഔട്ട്‌ലെറ്റ് 2022ല്‍ തുറന്നു. ഫിഷ് കാരവന്‍ പുറത്തിറക്കാന്‍ പിന്നെയും നിരവധി തടസ്സങ്ങള്‍ ശേഷിച്ചു. മന്ത്രിമാരായ സജി ചെറിയാന്റെയും കെ ബി ഗണേഷ്‌കുമാറിന്റെയും മാവേലിക്കര ജോയിന്റ്‌ ആര്‍ടിഒ എം ജി മനോജിന്റെയും സഹായത്താല്‍ അവയും മറികടന്ന് ഞായറാഴ്‌ച ഫിഷ്‌കാരവന്‍ സൂരജ് വീണ്ടും പുറത്തിറക്കി.    ചെങ്ങന്നൂരിലെ കല്ലിശേരി പാലത്തിന്‌ സമീപമാണ്  കാരവന്‍. നബാര്‍ഡിന്റെ കീഴിലെ ക്ലാം കേരളയുടെ (ക്ലാം കേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി) ചെയര്‍മാനാണ് സൂരജ്. Read on deshabhimani.com

Related News