പ്രസവത്തിനിടെ ശിശുവിന്റെ കൈ തളർന്നെന്ന് പരാതി
ആലപ്പുഴ കടപ്പുറം വനിത ശിശു ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞിന്റെ കൈ തളർന്നെന്ന് പരാതി. ആലപ്പുഴ തെക്കനാര്യാട് അവലൂക്കുന്ന് പുത്തൻപുരയ്ക്കൽ ആഘേഷ്- –-രമ്യ ദമ്പതികളുടെ രണ്ടുമാസം പിന്നിട്ട പെൺകുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷിയാണ് നഷ്‌ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് വാക്വം ഡെലിവറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഈ സമയത്ത് കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി ഇല്ലെന്നും രണ്ടുമാസത്തെ ഫിസിയോതെറാപ്പിക്ക് ശേഷം തിരികെ ലഭിക്കുമെന്നുമാണ് പ്രസവമെടുത്ത ഡോക്‌ടർ കുടുബാംഗങ്ങളെ ധരിപ്പിച്ചത്. എന്നാൽ രണ്ടുമാസമായി ഫിസിയോതൊറാപ്പി ചെയ്തിട്ടും കുഞ്ഞിന്റെ കൈയ്ക്ക് ചലനശേഷി തിരികെ ലഭിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജിന് അമ്മ പരാതി നൽകി. സ്വകാര്യ ആശുപത്രിയിൽ വിദഗ്ധചികത്സ നൽകാൻ ഓട്ടോഡ്രൈവറായ അച്ഛൻ ആഘേഷിന്റെ കൈയിൽ പണമില്ല. ചികിത്സാപിഴവിലുടെ ഉണ്ടായ ചലനശേഷി വീണ്ടെടുക്കാൻ ആവശ്യമായ സഹായം നൽകണമെന്നും മന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com