വെള്ളക്കോട്ടിനുമേൽ 
മിടിപ്പറിയാതെ 
ആ സ്‌റ്റെതസ്‌കോപ്പ്‌...

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ആൽവിൻ ജോർജിന്റെ മൃതദേഹം ആൽവിൻ പഠിച്ച എടത്വ സെന്റ് അലോഷ്യസ് 
സ്കൂളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ


സ്വന്തം ലേഖകൻ മങ്കൊമ്പ് വെള്ളക്കോട്ടും സ്‌റ്റെതസ്‌കോപ്പും അണിഞ്ഞ്‌ തലവടി കറുകപ്പറമ്പ്‌ പള്ളിച്ചിറ വീടിന്‌ മുന്നിലെ താൽക്കാലിക പന്തലിൽ ഒരുങ്ങിക്കിടന്ന ‘കൊച്ചുഡോക്ടറെ’ യാത്രയാക്കാൻ കുട്ടനാടൻ ഗ്രാമമാകെ ഒഴുകിയെത്തി. ആലപ്പുഴ കളർകോട്‌ വാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ച  മെഡിക്കൽ വിദ്യാർഥി ആൽവിൻ ജോർജിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.  ഞായർ പകൽ രണ്ടിന്‌ മൃതദേഹം എത്തിച്ചത്‌ മുതൽ ഒരുനോക്ക്‌ കാണാൻ നൂറുകണക്കിനാളുകളാണ് വീട്ടിലെത്തിയത്. തിങ്കൾ രാവിലെ വീട്ടിലെ ചടങ്ങുകൾക്കിടെ അമ്മ മീന ആൽവിനെ കുറിച്ച്‌ വിതുമ്പിപ്പറഞ്ഞത്‌ ഏവരെയും കണ്ണീരിലാഴ്‌ത്തി. മന്ത്രി സജി ചെറിയാൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച്‌ കുടുംബാംഗങ്ങളോട്‌ സംസാരിച്ചു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം, പ്ലസ്-ടുപഠിച്ച എടത്വാ സെന്റ്‌ അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനുവച്ചു. വിലാപയാത്രയായാണ്‌ സ്കൂളിലെത്തിച്ചത്‌. അധ്യാപകരും വിദ്യാർഥികളും ചേർന്ന്‌ പ്രിയപ്പെട്ട പൂർവവിദ്യാർഥിയുടെ മൃതദേഹം ഏറ്റുവാങ്ങി. അധ്യാപകരും പൊതുപ്രവർത്തകരുമടക്കം ആൽവിനെ അനുസ്‌മരിച്ചു. ഒന്നോടെ എടത്വാ സെന്റ്‌ ജോർജ് ഫൊറോനാ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു.  എംഎൽഎമാരായ രമേശ് ചെന്നിത്തല, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം വി പ്രിയ, ബിനു ഐസക്ക് രാജു, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റുമാരായ ജിൻസി ജോളി, പി കെ വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ്‌ ഗായത്രി ബി നായർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ അശോകൻ, ജി ഉണ്ണികൃഷ്ണൻ, കുട്ടനാട് ഏരിയ സെക്രട്ടറി സി പി  ബ്രീവൻ, ജോജി എബ്രഹാം, ലോക്കൽ സെക്രട്ടറി എം കെ സജി, ബി രമേശ്കുമാർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. Read on deshabhimani.com

Related News