ഇഷ്ട നമ്പർ പുതച്ചുറങ്ങി...
മങ്കൊമ്പ് ഏറെ കൊതിച്ച കോളേജ് ഫുട്‌ബോൾ ടീമിന്റെ 10–-ാം നമ്പർ ജേഴ്‌സി ഹൃദയത്തോട് ചേർത്താണ് ആൽവിൻ വിടചൊല്ലിയത്. കുട്ടനാട്ടിലെ കാൽപ്പന്ത് മൈതാനങ്ങളിൽ ആവേശമായ ഇരുപതുകാരൻ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി അമ്മ മീനയോടൊപ്പം ആദ്യമെത്തിയത് ഗ്രൗണ്ടിലേക്കായിരുന്നു. വിളിക്കുമ്പോഴെല്ലാം അമ്മയോടും അനിയൻ കെവിനോടും വാതോരാതെ ആദ്യം പറഞ്ഞിരുന്നതും ഗ്രൗണ്ടിലെ വിശേഷങ്ങൾ. കളിക്കളത്തിലെ മികവ് ആൽവിനെ കോളേജ് ടീമിലെത്തിച്ചു. അപകടത്തിൽ മരിച്ച മുഹമ്മദ് ഇബ്രാഹിമും ബി ദേവനന്ദനും ടീമിന്റെ ഭാഗമാകാനിരുന്നവർ. നവംബറിൽ തൃശൂർ മെഡിക്കൽ കോളേജ് സംഘടിപ്പിച്ച ഇന്റർ മെഡിക്കോസ് ഫുട്‌ബോൾ ടൂർണമെന്റിൽ വിജയികളായ ടീമിനൊപ്പം ആൽവിനുമുണ്ടായിരുന്നു. ജനുവരിയിൽ കോട്ടയത്ത് നടക്കുന്ന ഇന്റർ മെഡിക്കോസ് ടൂർണമെന്റിൽ ബൂട്ടണിയാൻ ഒരുക്കത്തിലായിരുന്നു ആൽവിൻ. അതിനായി തയ്യാറെടുപ്പിലായിരുന്നു ടീം മാനേജ്‌മെന്റ്. മൂവരും ഒത്തിരി ആഗ്രഹിച്ച ജേഴ്‌സി കൂട്ടുകാർ പ്രകാശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ടീം അംഗമായിരുന്നെങ്കിലും ടീം ജേഴ്‌സി ഒരിക്കൽ പോലും അണിയാൻ കഴിയാതെയാണ് ആൽവിൻ വിടവാങ്ങിയത്. സഹപാഠികൾ ടീമിന്റെ 10–-ാം നമ്പർ ജേഴ്‌സി ആൽവിന്റെ മൃതദേഹത്തിൽ പുതപ്പിച്ചു. വിലാപയാത്രയിലും പൊതുദർശനത്തിലുമെല്ലാം ആൽവിന്റെ ഹൃദയത്തോട് ചേർന്ന് ചുവന്ന ജേഴ്‌സിയുമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടിന് ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ കളർകോടിന് സമീപം ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് പേർ അന്നുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ അഞ്ചിനാണ് ആൽവിൻ മരിച്ചത്. Read on deshabhimani.com