ചേർത്തല ആർദ്ര ബഡ്സ് ആൻഡ് ബിആർസി ഓവറോൾ ചാമ്പ്യൻമാർ
അമ്പലപ്പുഴ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ‘മിന്നാരം–-2024’ ജില്ലാതല ബഡ്‌സ് കലോത്സവത്തിൽ ചേർത്തല നഗരസഭ ആർദ്ര ബഡ്സ് ആൻഡ് ബിആർസി 66 പോയിന്റുമായി ഓവറോൾ ചാമ്പ്യൻമാരായി. 47 പോയിന്റോടെ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ സ്നേഹതീരം ബഡ്‌സ് ആൻഡ് ബിആർസി രണ്ടാംസ്ഥാനവും 26 പോയിന്റോടെ കൃഷ്ണപുരം മനോവികാസ് ബഡ്സ് ആൻഡ് ബിആർസി മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ ഒമ്പത് ബഡ്സ് സ്‌കൂളുകളും 14 ബിആർസികളുമടക്കം 23 ബഡ്സ് സ്ഥാപനങ്ങളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. കുടുംബശ്രീ മിഷന്റെ ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും മാനസികമായ ഉന്മേഷം സമ്മാനിക്കുന്നതിനുമാണ് എല്ലാ വർഷവും ബഡ്സ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. പുന്നപ്ര ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിലാണ് കലോത്സവം സംഘടിപ്പിച്ചത്. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അധ്യക്ഷയായി. സിനിമാനടൻ അനൂപ് ചന്ദ്രൻ സമ്മാനങ്ങൾ വിതരണംചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് രഞ്ജിത്ത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എം ജി സുരേഷ്, ജില്ലാ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പി പി രാഗിണി, എ പി സരിത, അജിത ശശി, ജയ പ്രസന്നൻ, ജി ഇന്ദുലേഖ, എം ജി മുരളീധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com