ഇവിടെ കാറ്റിന്‌ 
സുഗന്ധം...

കൊട്ടാരപ്പാലത്തിന് സമീപത്തെ പൂ വിപണിയിൽനിന്ന്


ആലപ്പുഴ തിരുവോണം അടുത്തതോടെ സജീവമായി നഗരത്തിലെ പൂവിപണി. ഇതരസംസ്ഥാനങ്ങളിലെ പൂവിനൊപ്പം ഇത്തവണ പ്രദേശികമായി ഉൽപ്പാദിപ്പിക്കുന്ന പൂക്കളും വിൽപ്പനയ്‌ക്കുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും അത്തപ്പൂക്കളമൊരുക്കാനും വിവാഹാവശ്യങ്ങൾക്കുമെല്ലാമായി ആവശ്യകത കൂടിയതോടെ പൂക്കളുടെ വിലയും ഉയർന്നു. മധുര, ശങ്കരൻകോവിൽ, ഹൊസൂർ, സേലം, തെങ്കാശി എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക്‌ കൂടുതലായും പൂ എത്തുന്നത്.  തമിഴ് ​ഗ്രാമങ്ങളിൽ തുടർച്ചയായി മഴ പെയ്‌തത്‌ ഉൽപ്പാദനം കുറയുന്നതിനും വിലവർധനയ്‌ക്കും കാരണമായിട്ടുണ്ട്‌. അത്തം തുടങ്ങുന്നതിന്‌ മുമ്പുവരെ ഒരു മുഴത്തിന്‌ 40 മുതൽ 50 വരെ വിലയുണ്ടായിരുന്ന മുല്ലയ്‌ക്ക്‌ തിരുവോണത്തോടടുക്കുമ്പോൾ വില 70 മുതൽ 100 വരെയെത്തി. അരളിപ്പൂവിനെതിരായ പ്രചാരണങ്ങൾ പൂവിപണിയെ സാരമായി ബാധിച്ചു. അത്തപ്പൂക്കളമൊരുക്കുന്നതിന്‌ മാത്രമാണ്‌ അരളി വാങ്ങുന്നത്‌.    വയനാട്‌ ദുരന്തപശ്ചാത്തലത്തിൽ ഔദ്യോഗിക ഓണാഘോഷം ഒഴിവാക്കിയത്‌ കച്ചവടത്തെ ബാധിച്ചെന്ന്‌ 30 വർഷമായി പൂക്കച്ചവടം നടത്തുന്ന ശെൽവൻ (അരുൺകുമാർ) പറയുന്നു. ഭാര്യ ലീലയ്‌ക്കും മൂന്ന്‌ മക്കൾക്കുമൊപ്പമാണ്‌ ശെൽവൻ ആലപ്പുഴ കൊട്ടാരപാലത്തിനടുത്ത്‌ പൂക്കച്ചവടം നടത്തുന്നത്‌.  ഓറഞ്ച്‌, മഞ്ഞബന്തി കിലോയ്‌ക്ക്‌ 150 രൂപയാണ്‌. വാടാമുല്ല –- 300, റോസ്‌ –- 400, വെള്ള ജമന്തി –- 600, അരളി (പിങ്ക്‌) – --400,  അരളി (ചുവപ്പ്) –- 600, താമര ഒന്നിന്‌ 30, ശതാവരി –- ഒരു കെട്ടിന്‌ 150, ജെറിബ്ര ഒന്നിന്‌ 15, ബ്ലൂഡെയിസ്‌ ഒരു കെട്ട്‌ –- -140 എന്നിങ്ങനെയാണ്‌ പൂക്കൾക്ക്‌ വില. Read on deshabhimani.com

Related News