പത്ര ഏജന്റിനെ ആക്രമിച്ച് പണം കവർന്നയാൾ പിടിയിൽ
ചാരുംമൂട് വള്ളികുന്നത്ത് പത്ര ഏജന്റിനെ ആക്രമിച്ച് പണം കവർന്ന മുൻ ഹൈവേ കവർച്ചാസംഘാംഗത്തിനെ അറസ്റ്റുചെയ്‌തു. കറ്റാനം ഇലിപ്പക്കുളം കാട്ടിലെത്ത് പുത്തൻവീട്ടിൽ നസീമാണ് (ആസിഫ്–- 22) വള്ളികുന്നം പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ ഡിവൈഎസ്‌പി കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇലിപ്പക്കുളം ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയത്. ചൂനാട് കിണർമുക്ക് ജങ്‌ഷനിൽ ഒമ്പതിന് പുലർച്ചെ പത്രവിതരണത്തിനെത്തിയ ഇലിപ്പിക്കുളം മാവോലി വടക്കതിൽ സഹദേവനെയാണ് പ്രതി ആക്രമിച്ചത്. പത്രക്കെട്ട് വാഹനത്തിലേക്ക് എടുത്തുവയ്ക്കുന്നതിനിടെ എത്തിയ നസീം സഹദേവന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് താക്കോലും പണവും എടുക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ സഹദേവന്റെ മൂക്കിന്റെ അറ്റം കടിച്ചുപറിച്ചശേഷം പണം കവർന്ന് കടന്നുകളയുകയായിരുന്നു. പ്രതി 2022ൽ നങ്ങ്യാർകുളങ്ങരയിൽ ഹൈവേയിലൂടെ യാത്രചെയ്‌ത നെയ്യാറ്റിൻകര സ്വദേശിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലും അംഗമാണ്. വള്ളികുന്നം എസ്‌എച്ച്‌ഒ ടി ബിനുകുമാർ, കെ ദിജേഷ്, പി പുഷ്‌കരൻ, ആർ ശ്യാംകുമാർ, റോഷിത്, മുഹമ്മദ് ഷഫീക്ക്, എം അൻഷാദ്, വിഷ്‌ണുപ്രസാദ്, വൈ അനി, എ മുഹമ്മദ് ജവാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി. പ്രതിയെ റിമാൻഡുചെയ്‌തു. Read on deshabhimani.com